ജിദ്ദ: യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി പരിശീലിപ്പിക്കുന്ന യൂത്ത് അംബാസിഡർ പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ജിദ്ദയിലെ പ്രവാസി മലയാളി വിദ്യാർത്ഥിനി. മലപ്പുറം സ്വദേശി ഫെല്ല മെഹക്കിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. കൊണ്ടോട്ടി പേങ്ങാട് സ്വദേശി പാണിടകശാല ഹബീബിൻ്റേയും പറമ്പാടൻ ജസീനയുടേും മകളാണ് ഫെല്ല മെഹക്ക്.
ഹാഷ് ഫ്യൂച്ചർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഫെല്ല മെഹക്ക്.1000ത്തിലധികം അപേക്ഷകരിൽ നിന്നാണ് ഫെല്ലയെ തിരഞ്ഞെടുത്തത്. ഇൻ്റർവ്യൂവിലൂടെയും പ്രോജക്ട് പ്രസൻ്റേഷനിലൂടെയുമായിരുന്നു നൂറുപേരടങ്ങുന്ന ഫൈനൽ ലിസ്റ്റിൽ ഫെല്ല സ്ഥാനം പിടിച്ചത്. പരിശീലനങ്ങൾ, വർക്ക് ഷോപ്പുകൾ, മെൻ്ററിങ്, ലീഡർഷിപ്പ് പരിശീലനം, പ്രൊജക്ട് വർക്ക് എന്നിവ അടങ്ങുന്നതാണ് ഒരു വർഷത്തെ പ്രോഗ്രാം. അക്കാദമിക് മേഖലകൾക്കപ്പുറം സംരംഭകത്വം, ബിസിനസ് വികസനം, ക്രിയാത്മകമായ പദ്ധതികൾ എന്നിവയിലൂടെ യുവാക്കളുടെ കഴിവുകൾ കണ്ടെത്തുകയും അവരെ പ്രോത്സാഹിപ്പിക്കുകയുമാണ് തൻ്റെ ലക്ഷ്യം എന്ന് ഫെല്ല പറഞ്ഞു.