ചെന്നൈ: അഹമ്മദാബാദ് വിമാനാപകടവുമായി ബന്ധപ്പെട്ട ഇൻഷുറൻസ് ക്ലെയിമുകൾ 47.5 കോടി ഡോളർ (ഏകദേശം 4967 കോടി രൂപ) വരെയാകാമെന്ന് റിപ്പോർട്ട്. ഇത് വിമാനത്തിന്റെ മൂല്യത്തിന്റെ 2.5 മടങ്ങിലധികം വരുമെന്ന് ഇന്ത്യയിലെ ഇൻഷുറൻസ് രംഗത്തെ പ്രമുഖരായ ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (GIC Re) വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും ചെലവേറിയ ഇൻഷുറൻസ് ക്ലെയിമുകളിൽ ഒന്നായിരിക്കും അഹമ്മദാബാദ് വിമാനാപകടത്തിലുണ്ടാകുകയെന്നു ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു.
വിമാനത്തിന്റെ ബാധ്യത ഏകദേശം 12.5 കോടി ഡോളറും യാത്രക്കാരുടെ ബാധ്യത, മൂന്നാം കക്ഷി ബാധ്യത, മറ്റ് വ്യക്തിഗത ബാധ്യതാ ക്ലെയിമുകൾ ഏകദേശം 35 കോടി ഡോളറും ആയിരിക്കുമെന്നും ജിഐസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ രാമസ്വാമി നാരായണനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ടാറ്റാ ഗ്രൂപ്പ് ഒരുകോടി രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ഇതുകൂടാതെയാണ് ഇൻഷുറൻസ് തുകകൂടി ലഭിക്കുക.