top_ad
Tuesday, October 7, 2025 - 5:11 PM
Tuesday, October 7, 2025 - 5:11 PM
single_page_ads

സണ്ണി വക്കീലിന്റെ കയ്യിലും നില്‍ക്കുന്നില്ല; കെപിസിസി പുന:സംഘടന അനിശ്ചിതമായി വൈകുന്നു; നേതാക്കള്‍ കടുത്ത അതൃപ്തിയില്‍

കെപിസിസി പുന:സംഘടന അനിശ്ചിതമായി നീളുന്നതില്‍ പാര്‍ട്ടിയില്‍ കടുത്ത അതൃപ്തി. സെക്രട്ടറിമാരുടെ എണ്ണം കുറയ്ക്കാന്‍ ഗ്രൂപ്പുകള്‍ തയ്യാറാകാത്തിനെ തുടര്‍ന്നാണ് പുന:സംഘടന നീളുന്നത്. മുന്‍ പ്രസിഡന്റ്റ് സുധാകരനെപ്പോലെ സണ്ണി ജോസഫിനും പുന:സംഘടന മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ്.  സ്ഥാനം ഏറ്റെടുത്ത് നാല് മാസം കഴിഞ്ഞിട്ടും പുന:സംഘടന പ്രഖ്യാപിച്ചിട്ടില്ല. പുന:സംഘടന നടക്കാതിരിക്കാനുള്ള കരുനീക്കവും ശക്തമാണ്. ഇതെല്ലാം കെപിസിസി അധ്യക്ഷന് മുന്നില്‍ തടസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് മുന്നില്‍ ഉള്ളതിനാല്‍ ലിസ്റ്റ് വൈകരുതെന്ന നിര്‍ദ്ദേശമാണ് കെപിസിസി അധ്യക്ഷനും മുന്നില്‍ ഉള്ളത്.

 സുധാകരനെ മാറ്റി പൊടുന്നനെ മാറ്റി സണ്ണി ജോസഫിനെ പ്രസിഡന്റാക്കിയപ്പോള്‍ ആദ്യ മുന്‍ഗണന കെപിസിസി പുന:സംഘടനയ്ക്ക് ആണെന്നാണ് സണ്ണി ജോസഫ് അറിയിച്ചത്. പുന:സംഘടന നടക്കാത്തതില്‍ ഗ്രൂപ്പുകളും നേതാക്കളും കടുത്ത അതൃപ്തിയിലാണ്. വിവിധ ഗ്രൂപ്പുകളുമായി ചര്‍ച്ച നടത്തി ജംബോ ലിസ്റ്റുണ്ടാക്കി സണ്ണി ജോസഫ് ഡല്‍ഹിയ്ക്ക് പോയെങ്കിലും ജംബോ ലിസ്റ്റ് ആയതിനാല്‍ അംഗീകാരം ലഭിച്ചില്ല. ലിസ്റ്റ് ചുരുക്കാന്‍ കേരളത്തിലേക്ക് മടങ്ങി. ഗ്രൂപ്പുകളുമായുള്ള ചര്‍ച്ചയില്‍ ധാരണയായില്ല.  സെക്രട്ടറിമാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുകയാണ്. മുന്‍പ് എ-ഐ ഗ്രൂപ്പുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അവര്‍ നല്‍കുന്ന ലിസ്റ്റ് ഒന്ന് ഷോട്ട് ചെയ്‌താല്‍ മതിയായിരുന്നു. ഇപ്പോള്‍ നേതാക്കള്‍ വിവിധ ഗ്രൂപ്പുകള്‍ക്ക് നേതൃത്വം നല്‍കുകയാണ്.ഇവരൊക്കെ സെക്രട്ടറിമാരെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 80പേരെ കെപിസിസി സെക്രട്ടറിമാരാക്കാം. എന്നാല്‍ 170 ഓളം സെക്രട്ടറിമാരുടെ ലിസ്റ്റാണ് നിലവില്‍ ഉള്ളതെന്നാണ് വിവരം. ഇത് ഹൈക്കമാന്‍ഡ് അംഗീകരിക്കില്ല. എന്നാല്‍ നോമിനികളെ വെട്ടാന്‍ നേതാക്കളും സമ്മതിക്കുന്നില്ല. സമവായത്തിനുള്ള ശ്രമമാണ് നടക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനവും ഒഴിഞ്ഞുകിടക്കുകയാണ്. ലൈംഗിക വിവാദത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ച് ഒരു മാസം കഴിഞ്ഞിട്ടും പുതിയ അധ്യക്ഷനെ നിയമിച്ചിട്ടില്ല. ഡിസിസി പുന:സംഘടനയും നടന്നിട്ടില്ല. ഇതിലും അതൃപ്തി നിഴലിക്കുന്നുണ്ട്. തൃശ്ശൂര്‍ ഒഴികെ എല്ലാ ഡിസിസികളിലും പുതിയ അധ്യക്ഷൻമാരെ കൊണ്ടുവരാനാണ് നീക്കം. എന്നാല്‍ എല്ലാവരെയും മാറ്റുന്നതില്‍ ചില നേതാക്കള്‍ എതിര് നില്‍ക്കുന്നുണ്ട്. അതുകൊണ്ട് അഭിപ്രായ ഐക്യം സാധ്യമായിട്ടില്ല. വയനാടിലെ നിരന്തരമായ വിവാദങ്ങള്‍ കാരണം  നേതൃത്വത്തില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്ന് ഡിസിസി അധ്യക്ഷന്‍ എന്‍.ഡി.അപ്പച്ചന്‍ കഴിഞ്ഞ ദിവസമാണ് രാജിവച്ചത്. തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തോല്‍ക്കും എന്ന ശബ്ദസന്ദേശം പുറത്ത് എത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ പാലോട് രവിയും രാജിച്ചിട്ടുണ്ട്. ഇവിടെയൊക്കെ താത്കാലിക ചുമതല നല്‍കിയിരിക്കുകയാണ്. തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുന്നതിനാല്‍ ഡിസിസി അധ്യക്ഷന്മാരെ മാറ്റരുത് എന്ന നിര്‍ദ്ദേശവും മുന്നിലുണ്ട്. ഇതും ഡിസിസി പുന:സംഘടനയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പത്ത് വര്‍ഷമായി പാര്‍ട്ടി അധികാരത്തില്‍ നിന്നും പുറത്തുനില്‍ക്കുകയാണ്. എന്നിട്ടും കാര്യങ്ങള്‍ നേരെ ചൊവ്വെ നീങ്ങാത്തതിന്റെ അതൃപ്തിയാണ് കോണ്‍ഗ്രസില്‍ നിന്നും മറനീക്കുന്നത്.

ads
ad

EDITOR'S PICK

ad
single_page_ads
Scroll to Top