ടെസ്‌ല കമ്പനിക്കെതിരായ പ്രതിഷേധങ്ങൾക്ക് പിന്നിൽ ശതകോടീശ്വരന്മാരായ ജോർജ്ജ് സോറോസും റീഡ് ഹോഫ്മാനുമാണെന്ന് ആരോപണവുമായി ഇലോൺ മസ്‌ക്. ടെസ്‌ലയ്ക്ക് എതിരായ പ്രതിഷേധങ്ങൾക്ക് ഇരുവരും സംഭാവനകൾ നൽകിയെന്നാണ് മസ്‌കിന്റെ ആരോപണം.
ആക്ട്ബ്ലൂ ഫണ്ട്റൈസിംഗ് ഓർഗനൈസേഷൻ എന്ന സംഘടന ഫണ്ട് ചെയ്യുന്ന അഞ്ച് ഗ്രൂപ്പുകളാണ് തന്റെ കമ്പനിക്ക് എതിരായ പ്രതിഷേധങ്ങൾക്ക് കാരണമെന്നും മസ്‌ക് ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ തെളിയിക്കുന്നതിനായുള്ള തെളിവുകളൊന്നും മസ്‌ക് പുറത്തുവിട്ടിട്ടില്ല. ആക്ട്ബ്ലൂവിനെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും മസ്‌ക് പറഞ്ഞു. ജോർജ്ജ് സോറോസ്, റീഡ് ഹോഫ്മാൻ, ഹെർബർട്ട് സാൻഡ്ലർ, പട്രീഷ്യ ബൗമാൻ, ലിയ ഹണ്ട്-ഹെൻഡ്രിക്‌സ് എന്നിവരാണ് ആക്ട്ബ്ലൂവിന് ഫണ്ട് നൽകുന്നതെന്നും മസ്‌ക് ആരോപിച്ചു.
‘കാമ്പെയ്ൻ ഫിനാൻസ് ചട്ടങ്ങളുടെ ക്രിമിനൽ ലംഘനമായി വിദേശ, നിയമവിരുദ്ധ സംഭാവനകൾ അനുവദിച്ചതിന് ആക്റ്റ്ബ്ലൂ നിലവിൽ അന്വേഷണത്തിലാണ്. ഈ ആഴ്ച, അസോസിയേറ്റ് ജനറൽ കൗൺസൽ ഉൾപ്പെടെ 7 മുതിർന്ന ആക്റ്റ്ബ്ലൂ ഉദ്യോഗസ്ഥർ രാജിവച്ചു’, എന്നും മസ്‌ക് പറഞ്ഞു.
ഫെഡറൽ ഗവൺമെന്റിലുടനീളം ജോലികൾ വെട്ടിക്കുറയ്ക്കാനുള്ള ഇലോൺ മസ്‌കിന്റെയും മസ്‌ക് അധ്യക്ഷനായുള്ള ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്മെന്റിന്റെയും (DOGE) ശ്രമത്തിന് പിന്നാലെയാണ് മസ്‌കിന്റെ കമ്പനിയായ ടെസ്‌ലയ്ക്ക് എതിരെ പ്രതിഷേധം ഉയർന്നത്. ന്യൂയോർക്ക് അടക്കമുള്ള നഗരങ്ങളിലാണ് ടെസ്‌ലയ്ക്കും മസ്‌കിനുമെതിരെ പ്രതിഷേധം ഉയരുന്നത്.
കഴിഞ്ഞയാഴ്ച, അമേരിക്കയിലുടനീളമുള്ള 50-ലധികം ടെസ്‌ല സ്റ്റോറുകളിൽ പ്രതിഷേധക്കാർ മസ്‌കിനെതിരെ പ്രതിഷേധിച്ചിരുന്നു, ബാഴ്സലോണ, ലണ്ടൻ, ലിസ്ബൺ എന്നിവിടങ്ങളിലേക്കും പ്രതിഷേധം വ്യാപിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ‘ടെസ്‌ല ടേക്ക്ഡൗൺ’ എന്ന പേരിലാണ് പ്രതിഷേധങ്ങൾ സംഘടിപ്പിക്കപ്പെടുന്നത്.
സ്പേസ് എക്സിൽ 42% ഓഹരിയും സ്വന്തമാക്കിയിരിക്കുന്ന മസ്‌കിന്റെ ആസ്തി ഡിസംബറിൽ 464 ബില്യൺ ഡോളർ കടന്നിരുന്നു. എന്നാൽ DOGE തലവനായി മസ്‌ക് എത്തിയതിന് പിന്നാലെ മസ്‌കിന്റെ ആസ്തിയിൽ കുറവ് സംഭവിച്ചിരുന്നു. 120 ബില്ല്യൺ ഡോളറിലധികമാണ് മസ്‌കിന്റെ ആസ്തിയിൽ ഇടിവ് സംഭവിച്ചത്. ടെസ്‌ല ഓഹരികളുടെ മൂല്യം ഇടിഞ്ഞതാണ് മസ്‌കിന്റെ ആസ്തിയിൽ ഇടിവ് സംഭവിക്കാൻ കാരണമെന്ന് ഫോർബ്സ് റിപ്പോർട്ട് ചെയ്യുന്നു.