മസ്‌ക്കറ്റ്: റമദാന്‍ മാസത്തില്‍ തൊഴിലിടങ്ങളില്‍ ജീവനക്കാരും തൊഴിലുടമകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മാര്‍ഗനിര്‍ദേശം പുറത്തിറക്കി തൊഴില്‍ മന്ത്രാലയം. ജീവനക്കാര്‍ക്ക് രാത്രിയില്‍ മതിയായ ഉറക്കം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുക, ഇഫ്താര്‍ സമയം കഫീന്‍, പഞ്ചസാര എന്നിവ അടങ്ങിയ പാനിയങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളാണ് മാർഗനിർദേശത്തിൽ പറയുന്നത്.
നോമ്പില്ലാത്ത സമയങ്ങളില്‍ ജലാംശം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. ധാരാളം വെള്ളം കുടിക്കണം. തൊഴിലുടമകള്‍ നോമ്പുകാലത്ത് ജോലിക്ക് ഷിഫ്റ്റ് അനുവദിക്കണം. പുറം ജോലികളുടെ സമയം കുറയ്ക്കുകയും ജീവനക്കാരുടെ ശാരീരിക ക്ഷമത നിരീക്ഷിക്കുകയും ചെയ്യണം. പ്രഥമ ശുഷ്രൂഷയും അടിയന്തര ചികിത്സയും എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഒരുക്കണം തുടങ്ങിയ കാര്യങ്ങളും മാർഗനിർദേശത്തിലുണ്ട്.
ജോലി സമയങ്ങളില്‍ എപ്പോഴും വ്യക്തഗത സംരക്ഷണ ഉപകരണങ്ങള്‍ ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. ജീവനക്കാര്‍ അവരുടെ ആരോഗ്യ സ്ഥിതി, കഴിക്കുന്ന മരുന്ന് ഇവയെ കുറിച്ച് സൂപ്പര്‍വൈസര്‍മാരെ അറിയിക്കണം. ജോലി സ്ഥലത്തെ അപകടങ്ങളെ കുറിച്ച് ആവശ്യമായ മുന്‍കരുതല്‍ പ്രതിരോധ നടപടികളെ കുറിച്ചും ജീവനക്കാരെ ബോധവത്കരിക്കണം. ജീവനക്കാരുടെ മനാസികവും ശാരീരികവുമായ ക്ഷേമം ഉറപ്പുവരുത്തുന്നതിന് ജോലിസ്ഥലത്ത് സമ്മര്‍ദം കുറയ്ക്കുകയും ക്ഷീണത്തിന് സാധ്യതയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കുകയും ചെയ്യണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പുവരുത്തുക, പരിക്കുകള്‍ ഒഴിവാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്.