[current_datetime]

KERALA

LATEST NEWS, KERALA

സണ്ണി വക്കീലിന്റെ കയ്യിലും നില്‍ക്കുന്നില്ല; കെപിസിസി പുന:സംഘടന അനിശ്ചിതമായി വൈകുന്നു; നേതാക്കള്‍ കടുത്ത അതൃപ്തിയില്‍

കെപിസിസി പുന:സംഘടന അനിശ്ചിതമായി നീളുന്നതില്‍ പാര്‍ട്ടിയില്‍ കടുത്ത അതൃപ്തി. സെക്രട്ടറിമാരുടെ എണ്ണം കുറയ്ക്കാന്‍ ഗ്രൂപ്പുകള്‍ തയ്യാറാകാത്തിനെ തുടര്‍ന്നാണ് പുന:സംഘടന നീളുന്നത്. മുന്‍ പ്രസിഡന്റ്റ് സുധാകരനെപ്പോലെ സണ്ണി ജോസഫിനും പുന:സംഘടന മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ്.  സ്ഥാനം ഏറ്റെടുത്ത് നാല് മാസം കഴിഞ്ഞിട്ടും പുന:സംഘടന പ്രഖ്യാപിച്ചിട്ടില്ല. പുന:സംഘടന നടക്കാതിരിക്കാനുള്ള കരുനീക്കവും ശക്തമാണ്. ഇതെല്ലാം കെപിസിസി അധ്യക്ഷന് മുന്നില്‍ തടസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് മുന്നില്‍ ഉള്ളതിനാല്‍ ലിസ്റ്റ് വൈകരുതെന്ന നിര്‍ദ്ദേശമാണ് കെപിസിസി അധ്യക്ഷനും മുന്നില്‍ ഉള്ളത്.  സുധാകരനെ മാറ്റി പൊടുന്നനെ മാറ്റി സണ്ണി ജോസഫിനെ പ്രസിഡന്റാക്കിയപ്പോള്‍ ആദ്യ മുന്‍ഗണന കെപിസിസി പുന:സംഘടനയ്ക്ക് ആണെന്നാണ് സണ്ണി ജോസഫ് അറിയിച്ചത്. പുന:സംഘടന നടക്കാത്തതില്‍ ഗ്രൂപ്പുകളും നേതാക്കളും കടുത്ത അതൃപ്തിയിലാണ്. വിവിധ ഗ്രൂപ്പുകളുമായി ചര്‍ച്ച നടത്തി ജംബോ ലിസ്റ്റുണ്ടാക്കി സണ്ണി ജോസഫ് ഡല്‍ഹിയ്ക്ക് പോയെങ്കിലും ജംബോ ലിസ്റ്റ് ആയതിനാല്‍ അംഗീകാരം ലഭിച്ചില്ല. ലിസ്റ്റ് ചുരുക്കാന്‍ കേരളത്തിലേക്ക് മടങ്ങി. ഗ്രൂപ്പുകളുമായുള്ള ചര്‍ച്ചയില്‍ ധാരണയായില്ല.  സെക്രട്ടറിമാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുകയാണ്. മുന്‍പ് എ-ഐ ഗ്രൂപ്പുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അവര്‍ നല്‍കുന്ന ലിസ്റ്റ് ഒന്ന് ഷോട്ട് ചെയ്‌താല്‍ മതിയായിരുന്നു. ഇപ്പോള്‍ നേതാക്കള്‍ വിവിധ ഗ്രൂപ്പുകള്‍ക്ക് നേതൃത്വം നല്‍കുകയാണ്.ഇവരൊക്കെ സെക്രട്ടറിമാരെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 80പേരെ കെപിസിസി സെക്രട്ടറിമാരാക്കാം. എന്നാല്‍ 170 ഓളം സെക്രട്ടറിമാരുടെ ലിസ്റ്റാണ് നിലവില്‍ ഉള്ളതെന്നാണ് വിവരം. ഇത് ഹൈക്കമാന്‍ഡ് അംഗീകരിക്കില്ല. എന്നാല്‍ നോമിനികളെ വെട്ടാന്‍ നേതാക്കളും സമ്മതിക്കുന്നില്ല. സമവായത്തിനുള്ള ശ്രമമാണ് നടക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനവും ഒഴിഞ്ഞുകിടക്കുകയാണ്. ലൈംഗിക വിവാദത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ച് ഒരു മാസം കഴിഞ്ഞിട്ടും പുതിയ അധ്യക്ഷനെ നിയമിച്ചിട്ടില്ല. ഡിസിസി പുന:സംഘടനയും നടന്നിട്ടില്ല. ഇതിലും അതൃപ്തി നിഴലിക്കുന്നുണ്ട്. തൃശ്ശൂര്‍ ഒഴികെ എല്ലാ ഡിസിസികളിലും പുതിയ അധ്യക്ഷൻമാരെ കൊണ്ടുവരാനാണ് നീക്കം. എന്നാല്‍ എല്ലാവരെയും മാറ്റുന്നതില്‍ ചില നേതാക്കള്‍ എതിര് നില്‍ക്കുന്നുണ്ട്. അതുകൊണ്ട് അഭിപ്രായ ഐക്യം സാധ്യമായിട്ടില്ല. വയനാടിലെ നിരന്തരമായ വിവാദങ്ങള്‍ കാരണം  നേതൃത്വത്തില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്ന് ഡിസിസി അധ്യക്ഷന്‍ എന്‍.ഡി.അപ്പച്ചന്‍ കഴിഞ്ഞ ദിവസമാണ് രാജിവച്ചത്. തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തോല്‍ക്കും എന്ന ശബ്ദസന്ദേശം പുറത്ത് എത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ പാലോട് രവിയും രാജിച്ചിട്ടുണ്ട്. ഇവിടെയൊക്കെ താത്കാലിക ചുമതല നല്‍കിയിരിക്കുകയാണ്. തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുന്നതിനാല്‍ ഡിസിസി അധ്യക്ഷന്മാരെ മാറ്റരുത് എന്ന നിര്‍ദ്ദേശവും മുന്നിലുണ്ട്. ഇതും ഡിസിസി പുന:സംഘടനയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പത്ത് വര്‍ഷമായി പാര്‍ട്ടി അധികാരത്തില്‍ നിന്നും പുറത്തുനില്‍ക്കുകയാണ്. എന്നിട്ടും കാര്യങ്ങള്‍ നേരെ ചൊവ്വെ നീങ്ങാത്തതിന്റെ അതൃപ്തിയാണ് കോണ്‍ഗ്രസില്‍ നിന്നും മറനീക്കുന്നത്.

DISTRICT NEWS, KERALA, LATEST NEWS

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘പൈങ്കുനി ആറാട്ട്’; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ നിർത്തിവയ്ക്കും

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘പൈങ്കുനി ആറാട്ട്’ ഘോഷയാത്രയ്ക്കായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ നിർത്തിവയ്ക്കും. വ്യാഴാഴ്ച വൈകുന്നേരം 4.45 മുതൽ രാത്രി ഒമ്പത് വരെയുള്ള സമയങ്ങളിലാണ് നിയന്ത്രണം. വിമാനത്താവളത്തിന്‍റെ റൺവേയിലൂടെയാണ് ആറാട്ട് ഘോഷയാത്ര കടന്ന് പോകുന്നത്. പടിഞ്ഞാറെ നടയിൽ നിന്ന് വൈകിട്ട് പുറപ്പെടുന്ന എഴുന്നള്ളത്ത് സൂര്യാസ്‌തമയ സമയത്ത് ശംഖുമുഖത്തെത്തും. ചന്ദ്രോദയത്തിലാണ് കടലിൽ ആറാട്ട്. പതിറ്റാണ്ടുകളായി വിമാനത്താവളത്തിന്‍റെ റൺവേ മുറിച്ചു കടന്നുപോകാനുള്ള ആചാരപരമായ ഘോഷയാത്രയെ തടസപ്പെടുത്താതിരിക്കാന്‍ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയും ഫ്‌ലൈറ്റ് ഷെഡ്യൂളുകള്‍ ക്രമീകരിക്കുകയും ചെയ്യാറുണ്ട്. ഇത്തവണയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ വിവരം അതത് വിമാനകമ്പനികൾ യാത്രക്കാരെ അറിയിച്ചിട്ടുണ്ടെന്ന് വിമാനത്താവളം അധികൃതർ പറഞ്ഞു. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ അല്‍പശി ആറാട്ടിനും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലെ പൈങ്കുനി ആറാട്ടിലുമാണ് വിമാനത്താവളം നിശ്ചിത സമയത്തേക്ക് അടച്ചിടുന്നത്. പടിഞ്ഞാറെകോട്ട കടന്ന് വള്ളക്കടവ് വഴി തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലൂടെയാണ് ആറാട്ടെഴുന്നള്ളത്ത് പോകുന്നതും മടങ്ങുന്നതും. ഇതിന്റെ ഭാഗമായാണ് വർഷത്തിൽ രണ്ടുദിവസം വിമാനത്താവളം അടച്ചിടുന്നത്. ശ്രീപത്മനാഭ സ്വാമിയെ സ്വർണഗരുഡ വാഹനത്തിലും തെക്കേടം നരസിംഹമൂർത്തിയെയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും വെള്ളിഗരുഡ വാഹനത്തിലും എഴുന്നള്ളിക്കും. വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിന്‍റെ ഉള്ളിലേക്ക് കടക്കുന്ന എഴുന്നള്ളത്ത് ശംഖുമുഖം ദേവീക്ഷേത്രത്തിന് സമീപത്തെ പാർക്കിലൂടെയാണ് പുറത്തേക്കിറങ്ങുന്നത്. ആറാട്ട് ഘോഷയാത്ര കാണാനും അനുഗമിക്കാനും ആയിരക്കണക്കിന് ഭക്തരാണ് എത്തുക. ആറാട്ടുമായി ബന്ധപ്പെട്ട് ഭക്തർക്കും യാത്രക്കാർക്കും യാതൊരു ബുദ്ധിമുട്ടുമുണ്ടാകാതെയാണ് എയർപോർട്ട് പ്രവർത്തിപ്പിക്കുകയെന്ന് അധികൃതർ അറിയിച്ചു. 1932ൽ അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ചിത്തിര തിരുനാളിന്‍റെ നേതൃത്വത്തിലാണ് തിരുവനന്തപുരം വിമാനത്താവളം ശംഖുമുഖത്തിന് സമീപത്തായി രൂപം കൊണ്ടത്. അതിനുമുൻപ് തന്നെ ശ്രീപത്മനാഭന്റെ ആറാട്ട് എഴുന്നള്ളത്തിനായി നിശ്ചിത യാത്രാമാർഗമുണ്ടായിരുന്നു. ആ പാതയുണ്ടായിരുന്നയിടത്താണ് പിന്നീട് വിമാനത്താവളത്തിന്‍റെ റൺവേ തയാറാക്കിയത്. ശ്രീപത്മനാഭന്‍റെ ആറാട്ടിന് ഈ പാത തന്നെ ഉണ്ടായിരിക്കണമെന്ന് രാജാവ് ആവശ്യപ്പെട്ടിരുന്നു. അന്നത്തെ കേന്ദ്ര സർക്കാരുമായി ഇക്കാര്യത്തിൽ കരാർ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇതാണ് ഇന്നും പിന്തുടരുന്നത്.

DISTRICT NEWS, KERALA

കാഴ്ച കണ്ട് യാത്ര ചെയ്യാം; വയനാട് – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ്‌വേ പദ്ധതി യാഥാര്‍ഥ്യമാകുന്നു

വയനാട് – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ്‌വേ പദ്ധതി യാഥാര്‍ഥ്യമാകുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ (പിപിപി) പദ്ധതി നടപ്പാക്കാന്‍ കെഎസ്‌ഐഡിസിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. അടിവാരം മുതല്‍ ലക്കിടി വരെ 3.67 കി.മീ ദൂരത്തിലാണ് 100 കോടിയിലേറെ ചെലവിട്ട് റോപ്‌വേ പദ്ധതി നടപ്പാക്കുന്നത്. ലക്കിടിയെ അടിവാരവുമായി ബന്ധിപ്പിക്കുന്നതാണ് 3.675 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോപ്‌വേ പദ്ധതി. ദക്ഷിണേന്ത്യയിലെ ഏറ്റവും നീളമുള്ള റോപ്‌വേ ആയിരിക്കും ഇത്. ചുരത്തില്‍ ഏകദേശം 2 ഹെക്ടര്‍ വനഭൂമിക്കു മുകളിലൂടെയാണ് റോപ്‌വേ കടന്നുപോകേണ്ടത്. കാഴ്ചകള്‍ കണ്ട് ഒരു വശത്തേക്കുള്ള യാത്ര പൂര്‍ത്തിയാക്കാന്‍ 15 മിനിറ്റ് മതി. 3 കിലോമീറ്റര്‍ മാത്രം യാത്ര ചെയ്താല്‍ മതി. ഇപ്പോള്‍ അടിവാരം മുതല്‍ ലക്കിടിവരെ ചുരത്തിലൂടെ കുറഞ്ഞത് 40 മിനിറ്റ് യാത്ര വേണ്ടിവരും. ഒരേസമയം 6 പേര്‍ക്കു യാത്ര ചെയ്യാനാകുന്ന എസി കേബിള്‍ കാറുകളാണ് റോപ്‌വേയിൽ ഉണ്ടാകുക. മണിക്കൂറില്‍ 400 പേര്‍ക്കു യാത്ര ചെയ്യാനാകുമെന്നാണ് കണക്കുകൂട്ടല്‍. അടിവാരത്തിനും ലക്കിടിക്കും ഇടയില്‍ 40 ടവറുകള്‍ സ്ഥാപിക്കേണ്ടിവരും. ബത്തേരിയില്‍നിന്നു ലക്കിടി വരെയും കോഴിക്കോടുനിന്ന് അടിവാരം വരെയും പ്രത്യേക ബസ് സര്‍വീസുകളും ഏര്‍പ്പെടുത്തും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാങ്കേതിക അനുമതികളെല്ലാം പദ്ധതി നേടിക്കഴിഞ്ഞു. റോപ്‌വേ പദ്ധതിക്കൊപ്പം അടിവാരം-നൂറാംതോട്-ചിപ്പിലിത്തോട്-തളിപ്പുഴ റോഡ് കൂടി യാഥാര്‍ഥ്യമായാല്‍ ചുരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകും. അടിവാരം-ലക്കിടി ടെര്‍മിനലുകളോടു അനുബന്ധിച്ച് പാര്‍ക്ക്, സ്റ്റാര്‍ ഹോട്ടല്‍, കഫറ്റീരിയ, ആംഫി തിയറ്റര്‍, ഓഡിറ്റോറിയം തുടങ്ങിയവയും ആരംഭിക്കാന്‍ ഉദ്ദേശ്യമുണ്ട്.

DISTRICT NEWS, KERALA

തുറവൂർ– അരൂർ ഉയരപ്പാത നിർമാണം; കാലവർഷം എത്തും മുൻപ് നിർമ്മാണം പൂർ‍ത്തിയാക്കണമെന്നാവശ്യം

തുറവൂർ– അരൂർ ഉയരപ്പാത നിർമാണം മന്ദ​ഗതിയിൽ. തുറവൂർ മുതൽ അരൂർ വരെ നീളുന്ന 12.75 കിലോമീറ്റർ പാതയിൽ കാന നിർമാണം വെെകുന്നതാണ് നിർമ്മാണത്തെ മൊത്തത്തിൽ ബാധിക്കുന്നത്. കാലവർഷം എത്തും മുൻപ് പാതയുടെ നിർമ്മാണം പൂർത്തിയായില്ലെങ്കിൽ വൻ ഗതാഗത കുരുക്കിനും വെള്ളക്കെട്ടിനും സാധ്യതയുണ്ട്. കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ എന്നീ 4 പഞ്ചായത്ത് പരിധിയിലൂടെയാണ് ഉയരപ്പാത കടന്നു പോകുന്നത്. ഈ പ്രദേശത്ത് കാന നിർമാണം വെെകുന്നതാണ് വെള്ളക്കെട്ട് രൂപപ്പെടാനുള്ള കാരണം. കാനയുമായി ഇട തോടുകളിലേക്ക് ബന്ധിപ്പിക്കുന്നതിന് പഞ്ചായത്തുകൾ അനുമതി നൽകാത്തതാണ് ഇതിന് കാരണം. ഇതിൽ അരൂർ പഞ്ചായത്തിൽ മാത്രം 6.5 കിലോമീറ്റർ പാതയാണ് പോകുന്നത്. ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി കോൺക്രീറ്റ് ഗർ‍ഡറുകൾ കയറ്റുന്നതിനായി നാലുവരി പാതയുടെ ഇരുവശങ്ങളിലും ലോഞ്ചിങ് ഗാൻട്രി പാതയോരത്ത് സ്ഥാപിച്ചിരിക്കുന്നതിനാൽ പാതയോരത്തു നിന്നുള്ള മഴവെള്ളം ഒഴുകി പോകാൻ വഴിയില്ല. നിലവിൽ ഒരുമണിക്കൂർ തുടർച്ചയായി മഴ പെയ്താൽ അരൂർ മുതൽ ചന്തിരൂർ വരെയുള്ള പാതയിൽ വെള്ളക്കെട്ട് രൂപപ്പെടുന്ന അവസ്ഥയാണുള്ളത്. അരൂർ ബൈപാസ് കവല മുതൽ ചന്തിരൂർ വരെയുള്ള 6.5 കിലോമീറ്റർ ഭാഗത്ത് അടിയന്തരമായി കാന നിർമാണം പൂർത്തിയാക്കണമെന്നാണ് പ്രദേശവാസികളും ആവശ്യപ്പെടുന്നത്.

Gulf, KERALA

ഫോബ്സ് പട്ടികയിൽ സമ്പന്ന മലയാളി യൂസഫലി തന്നെ; ഒന്നാം സ്ഥാനത്ത് ഇലോൺ മസ്ക്

ലോക ശതകോടീശ്വര പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളിയായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി. ഫോബ്സിന്റെ ലോക സമ്പന്ന പട്ടികയിൽ 639-ാം സ്ഥാനത്താണ് അദ്ദേഹം. 550 കോടി ഡോളറാണ് (47000 കോടിയോളം രൂപ) എം.എ യൂസഫലിയുടെ ആസ്തി. 34,200 കോടി ഡോളർ ആസ്തിയുമായി ടെസ്‍ല, സ്പേസ്എക്സ്, എക്സ് മേധാവി ഇലോൺ മസ്ക് ലോക സമ്പന്നരിൽ ഒന്നാമത്. 21,600 കോടി ഡോളർ ആസ്തിയുമായി മെറ്റ മേധാവി മാർക്ക് സക്കർബർഗ് ആണ് രണ്ടാം സ്ഥാനത്ത്. 21,500 കോടി ഡോളർ ആസ്തിയുള്ള ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളിയാണ് മാർക്ക് സക്കർബർഗ് രണ്ടാമതെത്തിയത്. ഓറക്കിളിന്റെ ലാറി എലിസൺ (19,200 കോടി ഡോളർ), ഫ്രഞ്ച് ഫാഷൻ ബ്രാൻഡ് എൽവിഎംഎച്ചിന്റെ മേധാവി ബെർണാഡ് ആർണോയും കുടുംബവും (17,800 കോടി ഡോളർ) എന്നിവരാണ് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്. മുകേഷ് അംബാനിയാണ് 9,250 കോടി ഡോളർ ആസ്തിയുമായി ഇന്ത്യക്കാരിൽ മുന്നിൽ. ലോകസമ്പന്ന പട്ടികയിൽ 18-ാം സ്ഥാനത്താണ് മുകേഷ് അംബാനി. 5630 കോടി ഡോളർ ആസ്തിയോടെ ഗൗതം അദാനി, 3550 കോടി ഡോളർ ആസ്തിയോടെ ജിൻഡാൽ ഗ്രൂപ്പ് മേധാവി സാവിത്രി ജിൻഡാൽ, എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാർ (3450 കോടി ഡോളർ), സൺഫാംർമ്മ മേധാവി ദിലീപ് സാംഘ്വി തുടങ്ങിയവരാണ് ആദ്യ പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാർ. ജെംസ് എജ്യുക്കേഷൻ മേധാവി സണ്ണി വർക്കി (390 കോടി ഡോളർ), ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ (380 കോടി ഡോളർ), ആർപി ഗ്രൂപ്പ് മേധാവി രവി പിള്ള (370 കോടി ഡോളർ), ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് (330 കോടി ഡോളർ) ,കല്യാണ രാമൻ (310 കോടി ഡോളർ), ബുർജീൽ ഹോൾഡിംഗ്‌സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ (200 കോടി ഡോളർ) ,ഇൻഫോസിസ് മുൻ സിഇഒ എസ്.ഡി ഷിബുലാൽ (200 കോടി ഡോളർ), മുത്തൂറ്റ് ഫാമിലി (190 കോടി ഡോളർ), കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി (130 കോടി ഡോളർ ) എന്നിവരുമാണ് ആദ്യ പട്ടികയിൽ ഇടം നേടിയ മറ്റ് മലയാളികൾ.

CRIME, KERALA

ഐബി ഓഫീസറായ മേഘയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം; പരാതി നല്‍കി

തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷനിലെ ഐബി ഓഫീസറായ മേഘമധുവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം. ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് യുവതിയെ കണ്ടത്. ഐബിക്കും പോലീസിനും ബന്ധുക്കൾ പരാതി നൽകി. മധുസൂദനന്‍-നിഷ ദമ്പതികളുടെ ഏക മകളാണ്. ഐബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശിയുമായി പെൺകുട്ടിക്ക് അടുപ്പം ഉണ്ടായിരുന്നു. മേഘ തന്നെ വീട്ടുകാരോട് ഈ കാര്യം പറഞ്ഞിരുന്നു. വിവാഹത്തില്‍ എത്തുമെന്നായപ്പോള്‍ ഇയാള്‍ പിന്‍മാറി. ഇതാണ് മരണത്തിന് പിന്നില്‍ എന്നാണ് ബന്ധുക്കള്‍ പറയുന്നത്. പത്തനംതിട്ട കൂടലിലാണ് മേഘയുടെ വീട്. ചാക്കയിലെ റെയിൽവേ ട്രാക്കിൽ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഒരുവർഷം മുൻപാണ് എമിഗ്രേഷൻ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചത്.

KERALA

യുവതിക്കുനേരേ ആസിഡ് ആക്രമണം; ഗുരുതര പരുക്ക്; മുന്‍ ഭര്‍ത്താവ് പിടിയില്‍

കോഴിക്കോട് ചെറുവണ്ണൂരില്‍ യുവതിക്കുനേരേ ആസിഡ് ആക്രമണം നടത്തിയ പ്രതി കസ്റ്റഡിയില്‍. കൂട്ടാലിട സ്വദേശിയായ പ്രവിഷയാണ് ആയുര്‍വേദ ആശുപത്രിയില്‍ ആക്രമണത്തിന് ഇരയായത്. മുന്‍ഭര്‍ത്താവ് പ്രശാന്താണ് പിടിയിലായത്. നെഞ്ചിലും മുഖത്തും ഗുരുതര പൊള്ളലേറ്റ പ്രവിഷ ചികിത്സയിലാണ്. പ്രശാന്തിന്റെ ഉപദ്രവം സഹിക്കാനാകാമെന്നു വന്നപ്പോഴാണ് പ്രവിഷ വിവാഹമോചനം നടത്തിയത്. രണ്ടര വര്‍ഷം മുന്‍പായിരുന്നു ഇത്. മകനെയും കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അമ്മ പറയുന്നു. വിവാഹം കഴിഞ്ഞ് പതിമൂന്ന് വര്‍ഷമായി. രണ്ടു മക്കളുമുണ്ട്. പ്രവിഷയെ പ്രശാന്ത് ഉപദ്രവിക്കുമായിരുന്നു. പീഡനം സഹിക്കാനാകാതെ വരുമ്പോള്‍ പ്രവിഷ സ്വന്തം വീട്ടിലേക്ക് വരാറുണ്ടായിരുന്നു. അപ്പോഴെല്ലാം പ്രശാന്ത് അനുനയിപ്പിച്ച് തിരികെ കൊണ്ടുവന്നു. മുന്‍പ് ഹെല്‍മറ്റുകൊണ്ട് പ്രശാന്ത് പുറത്ത് അടിച്ചതിനെ തുടര്‍ന്നാണ് പ്രവിഷയുടെ നട്ടെല്ലിന് പരിക്കേറ്റത്. ഇതിന്റെ ചികിത്സക്കായാണ് ആയുര്‍വേദ ആശുപത്രിയിലെത്തിയത്. ഇവിടെ വച്ചാണ് പ്രശാന്ത് ആക്രമണം നടത്തിയത്.

KERALA

സവര്‍ക്കര്‍ രാജ്യദ്രോഹിയല്ലെന്ന് ഗവര്‍ണര്‍; രാജേന്ദ്ര അർലേക്കറും എസ്എഫ്ഐക്ക് എതിരെ

ആരിഫ് മുഹമ്മദ്‌ഖാന് പിന്നാലെ ഗവര്‍ണര്‍ രാജേന്ദ്ര അർലേക്കറും എസ്എഫ്ഐക്ക് എതിരെ തിരിയുന്നു. ‘സവർക്കറെയല്ല, ചാൻസലറെയാണ് വേണ്ടത്’ എന്ന എസ്എഫ്ഐ ബാനറാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്. കാലിക്കറ്റ് സര്‍വകലാശാലയില്‍ എത്തിയപ്പോഴാണ് എസ്എഫ്ഐ ബോര്‍ഡ് ഗവര്‍ണര്‍ കണ്ടത്. വൈസ് ചാൻസിലറോടാണ് ഗവര്‍ണര്‍ അതൃപ്തി രേഖപ്പെടുത്തിയത്. എന്തു ചിന്തയാണ് ഇതിനു പിന്നിലെന്ന് അറിയില്ല.സമൂഹത്തെ കുറിച്ചാണ് സവർക്കർ എപ്പോഴും ചിന്തിച്ചിരുന്നത്.അദ്ദേഹം കുടുംബത്തെപ്പോലും മറന്നു രാജ്യത്തിനായി പ്രവർത്തിച്ച വ്യക്തിയാണ്. ശരിയായി പഠിച്ചാല്‍ കാര്യങ്ങള്‍ മനസിലാകും. ഗവര്‍ണര്‍ പറഞ്ഞു. സര്‍വകലാശാലയില്‍ എത്തിയപ്പോള്‍ തന്നെ ഗവര്‍ണറുടെ ശ്രദ്ധ ആകര്‍ഷിച്ചത് ഈ ബോര്‍ഡാണ്. സവര്‍ക്കര്‍ പരാമര്‍ശം ഗവര്‍ണറെ ചൊടിപ്പിച്ചു. ഇത്തരം ബാനറുകൾ സര്‍വകലാശാലയില്‍ സ്ഥാപിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം വിസിയോടു നിർദേശിച്ചു.

vizhinjam-port
KERALA

സ്വകാര്യ ഭൂമി ഏറ്റെടുക്കില്ല; വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിന് ഭൂമി കണ്ടെത്തുക കടൽ നികത്തി

തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിനായി ഭൂമി കണ്ടെത്തുന്നതു കടല്‍ നികത്തിയായിരിക്കുമെന്നു തുറമുഖ കമ്പനി അറിയിച്ചു. സ്വകാര്യ ഭൂമി ഏറ്റെടുക്കില്ല. വികസനത്തിന്റെ ഭാഗമായി കണ്ടെയ്നര്‍ ടെര്‍മിനല്‍ 1,200 മീറ്റര്‍ കൂടി ദീര്‍ഘിപ്പിച്ച് ആകെ 2000 മീറ്റര്‍ ആക്കും. ഇതിന്റെ ഭാഗമായി, 30 ലക്ഷം ടിഇയു വരെ വാര്‍ഷിക ശേഷിയുള്ള കണ്ടെയ്നര്‍ യാര്‍ഡ് നിര്‍മിക്കാൻ ആവശ്യമായ 77.17 ഹെക്ടര്‍ ഭൂമിയാണ് ഡ്രെജിങ്ങിലൂടെ കടല്‍ നികത്തി കണ്ടത്തുക. ആദ്യഘട്ടത്തില്‍ തുറമുഖ നിര്‍മാണത്തിനായി 63 ഹെക്ടര്‍ ഭൂമി കടല്‍ നികത്തി വികസിപ്പിച്ചിരുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്കു പാരിസ്ഥിതിക അനുമതി ലഭിച്ചതായി മന്ത്രി വി.എന്‍.വാസവന്‍ അറിയിച്ചിരുന്നു. രണ്ടും മൂന്നും ഘട്ട വികസനത്തിന്റെ ഭാഗമായി കണ്ടെയ്‌നര്‍ ടെര്‍മിനല്‍ 1,200 മീറ്റര്‍ നീളത്തിലേക്ക് വിപുലീകരിക്കും. ബ്രേക്ക് വാട്ടറിന്റെ നീളം 900 മീറ്റര്‍ കൂടി വര്‍ധിപ്പിക്കും. 2028ല്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ സ്ഥാപിത ശേഷിയുള്ള കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ആയി വിഴിഞ്ഞം രാജ്യാന്തര തുറമുഖം മാറുമെന്നും മന്ത്രി പറഞ്ഞു. തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിനായി 10,000 കോടി രൂപയുടെ ചെലവാണു പ്രതീക്ഷിക്കുന്നത്.

syria
KERALA

അസദ് അനുകൂലികളും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ, 1000 പേർ കൊല്ലപ്പെട്ടു

ദമാസ്കസ്: മെഡിറ്ററേനിയൻ തീരത്തോട് ചേർന്നുള്ള മേഖലകളിൽ അസദ് അനുകൂലികളും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. രണ്ടുദിവസമായി തുടരുന്ന കനത്ത ഏറ്റുമുട്ടൽ ഇപ്പോഴും തുടരുക ആണ്. സംഘർഷത്തിനിടെ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് വിവരം. ബാഷർ അൽ അസദിന് സ്വാധീനമുള്ള തീരമേഖലകളിലാണ് കലാപം രൂക്ഷമായിരിക്കുന്നത്. അസദിനെ പുറത്താക്കിയതിനു ശേഷം സിറിയയുടെ വിവിധ ഭാ​ഗങ്ങളിൽ സംഘർ‌ഷങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നിരപരാധികളായ പൗരന്മാരെ ആക്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽഷാറ മുന്നറിയിപ്പ് നൽകി. അക്രമം അവസാനിപ്പിച്ച് ആയുധങ്ങൾ താഴെ വയ്‌ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സംഘർഷം രൂക്ഷമായ മേഖലകളിലെല്ലാം കർഫ്യു തുടരുകയാണ്. കലാപം പൊട്ടിപ്പുറപ്പെട്ട ലറ്റക്കിയയിലും ടാർട്ടസിലും കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ലറ്റക്കിയ ന​ഗരമേഖലകളിൽ വൈദ്യുതിയും കുടിവെള്ള വിതരണവും അപ്പാടെ നിലച്ചിരിക്കുകയാണ്. ബ്രിട്ടൺ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ കണക്കുകൾ പ്രകാരം 745 സാധാരണക്കാർ കൊല്ലപ്പെട്ടതിനു പുറമേ, 125 സുരക്ഷാ ഉദ്യോ​ഗസ്ഥരും അസദ് അനുകൂല സായുധ ​ഗ്രൂപ്പുകളിലെ 148 അം​ഗങ്ങളും കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. അസദിനെ പുറത്താക്കിയതിന്റെ വിരോധമാണ് സായുധ ​ഗ്രൂപ്പുകൾ കലാപത്തിലൂടെ പ്രകടമാക്കുന്നത്. സിറിയയിൽ വിമതർ അധികാരം പിടിച്ചെടുത്ത് മൂന്ന് മാസത്തിന് ശേഷവും സംഘർഷത്തിന് അയവുവന്നിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് ആഭ്യന്തര കലാപം വീണ്ടും രൂക്ഷമായത്.

Mumbai
KERALA

താനൂരിൽ നിന്നും കാണാതായ പ്ലസ് ടു വിദ്യാർഥിനികളെ കണ്ടെത്തി

മലപ്പുറം താനൂരിൽ നിന്നും കാണാതായ രണ്ട് പ്ലസ് ടു വിദ്യാർഥിനികളെയും മുംബൈയിൽ നിന്ന് കണ്ടെത്തി. മുംബൈ – ചെന്നൈ എക്സ്പ്രസ് ട്രെയിൻ യാത്രയ്ക്കിടെ ലോണാവാല സ്റ്റേഷനിൽ നിന്നാണ് ആർപിഎഫ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികളെ പൂനെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റും. താനൂർ പൊലീസ് ഇന്ന് 8.30ന് മുംബൈയിൽ എത്തുമെന്നും കുട്ടികളുമായി നാട്ടിലേക്ക് തിരിക്കുമെന്നും അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്കു ശേഷമാണ് താനൂർ ദേവതാർ ഹയർ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളായ ഫാത്തിമ ഷഹദ (16) അശ്വതി (16) എന്നിവരെ കാണാതായത്. പരീക്ഷയ്‌ക്കെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയതെങ്കിലും ഇരുവരും സ്‌കൂളിലെത്തിയിരുന്നില്ല. ഇരുവരും ഇന്നലെ പരീക്ഷ എഴുതിയിട്ടില്ലെന്നും സ്കൂൾ അധികൃതർ അറിയിച്ചു. ഇന്നലെ ഉച്ചക്ക് 12 മണിക്ക് ശേഷം ഇവർ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. വിദ്യാർഥിനികളുടെ ഫോണിലേക്ക് ഒരേ ഫോൺ നമ്പറിൽ നിന്ന് കോൾ വന്നിരുന്നതായി പൊലീസ് കണ്ടെത്തി. മഞ്ചേരി സ്വദേശിയുടെ പേരിലുള്ള സിം കാർഡിൽ നിന്നുമാണ് വിദ്യാർഥിനികൾക്ക് അവസാനമായി ഫോൺകോൾ വന്നത്. എന്നാൽ ഈ സിമ്മിൻ്റെ ടവർ ലൊക്കേഷൻ കാണിക്കുന്നത് മഹാരാഷ്ട്രയിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഇത് മഞ്ചേരി സ്വദേശിയായ റഹീം അസ്ലമിന്റെ നമ്പറാണെന്ന് പൊലീസ് കണ്ടെത്തി. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്.

afan
KERALA

വെഞ്ഞാറമൂട് കൂട്ടകൊലക്കേസ്, പ്രതി അഫാനെ പൂജപ്പുര സെൻട്രല്‍ ജയിലിലെ പ്രത്യേക നിരീക്ഷണ ബ്ലോക്കിലേക്ക് മാറ്റി, 24 മണിക്കൂറും നിരീക്ഷണം

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലക്കേസിലെ പ്രതി അഫാനെ പൂജപ്പുര സെൻട്രല്‍ ജയിലിലെ പ്രത്യേക നിരീക്ഷണ ബ്ലോക്കിലേക്ക് മാറ്റി. അഫാനൊപ്പം മറ്റൊരു തടവുകാരനുമുണ്ട്. അഫാനെ നിരീക്ഷിക്കാൻ 24 മണിക്കൂറും ജയില്‍ ഉദ്യോഗസ്ഥരുമുണ്ട്. താനും ജീവനൊടുക്കുമെന്ന് ജയിലെത്തിയ ശേഷം അഫാൻ ജയില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് പ്രത്യേക നിരീക്ഷണം. കടബാധ്യതയെ തുടർന്നാണ് കൂട്ടക്കൊല നടത്തിയതെന്നാണ് ജയില്‍ ഉദ്യോഗസ്ഥരോടും അഫാൻ പറഞ്ഞത്. ഇന്നലെയാണ് മെഡിക്കല്‍ കോളേജില്‍ നിന്നും അഫാനെ ജയിലേക്ക് മാറ്റിയത്. അഫാനെ കസ്റ്റഡയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ വെള്ളിയാഴ്ച വെഞ്ഞാറമൂട് പൊലീസ് കോടതിയില്‍ നല്‍കും. ഇന്ന് അപേക്ഷ നല്‍കാനായിരുന്നു തീരുമാനമെങ്കിലും അഫാൻെറ ആരോഗ്യ-മാനസിക നില നോക്കിയ ശേഷം നല്‍കാമെന്ന് തീരുമാനിക്കുകയായിരുന്നു.

Scroll to Top