കോഴിക്കോട് ചെറുവണ്ണൂരില്‍ യുവതിക്കുനേരേ ആസിഡ് ആക്രമണം നടത്തിയ പ്രതി കസ്റ്റഡിയില്‍. കൂട്ടാലിട സ്വദേശിയായ പ്രവിഷയാണ് ആയുര്‍വേദ ആശുപത്രിയില്‍ ആക്രമണത്തിന് ഇരയായത്. മുന്‍ഭര്‍ത്താവ് പ്രശാന്താണ് പിടിയിലായത്. നെഞ്ചിലും മുഖത്തും ഗുരുതര പൊള്ളലേറ്റ പ്രവിഷ ചികിത്സയിലാണ്.
പ്രശാന്തിന്റെ ഉപദ്രവം സഹിക്കാനാകാമെന്നു വന്നപ്പോഴാണ് പ്രവിഷ വിവാഹമോചനം നടത്തിയത്. രണ്ടര വര്‍ഷം മുന്‍പായിരുന്നു ഇത്. മകനെയും കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അമ്മ പറയുന്നു. വിവാഹം കഴിഞ്ഞ് പതിമൂന്ന് വര്‍ഷമായി. രണ്ടു മക്കളുമുണ്ട്. പ്രവിഷയെ പ്രശാന്ത് ഉപദ്രവിക്കുമായിരുന്നു.
പീഡനം സഹിക്കാനാകാതെ വരുമ്പോള്‍ പ്രവിഷ സ്വന്തം വീട്ടിലേക്ക് വരാറുണ്ടായിരുന്നു. അപ്പോഴെല്ലാം പ്രശാന്ത് അനുനയിപ്പിച്ച് തിരികെ കൊണ്ടുവന്നു. മുന്‍പ് ഹെല്‍മറ്റുകൊണ്ട് പ്രശാന്ത് പുറത്ത് അടിച്ചതിനെ തുടര്‍ന്നാണ് പ്രവിഷയുടെ നട്ടെല്ലിന് പരിക്കേറ്റത്. ഇതിന്റെ ചികിത്സക്കായാണ് ആയുര്‍വേദ ആശുപത്രിയിലെത്തിയത്. ഇവിടെ വച്ചാണ് പ്രശാന്ത് ആക്രമണം നടത്തിയത്.