തൊടുപുഴയിലെ ബിജു ജോസഫ് വധത്തില്‍ ഒന്നാം പ്രതി ജോമോനുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. മറ്റുപ്രതികളുമായുള്ള തെളിവെടുപ്പ് ഉടൻ നടക്കും.ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോവാൻ ഉപയോഗിച്ച വാൻ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കുറിച്ചി ഭാഗത്തെ ജോമോന്റെ സുഹൃത്തിന്റെ വീട്ടിൽനിന്നാണ് വാൻ കണ്ടെത്തിയത്.
ബിജു ജോസഫിന്റെ വാഹനം കണ്ടെത്താനുള്ള തെളിവെടുപ്പാണ് ഇനി നടത്താനുള്ളത്. ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകാൻ എന്ന് പറഞ്ഞാണ് ജോമോൻ വണ്ടി കൊണ്ടുപോയത് എന്നാണ് വാഹന ഉടമ ഷിജോ ജോർജ് പറഞ്ഞത്. ബുധനാഴ്ച വാഹനം കൊണ്ടുപോയി വ്യാഴാഴ്ച രാവിലെ ഒൻപതുമണിയോടെ തിരിച്ചെത്തിച്ചു. ഷിജോ പറഞ്ഞു.
കലയന്താനി ചെത്തിമറ്റത്തെ കാറ്ററിങ് ഗോഡൗണിലെ മാൻഹോളിലാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഗോഡൗണിന്റെ മലിനജലം ശേഖരിച്ചിരുന്ന പത്തടിയോളം താഴ്ചയുള്ള കുഴിക്കകത്താണ് മണ്ണുനീക്കം ചെയ്ത് ബിജുവിന്റെ മൃതദേഹം ഒളിപ്പിച്ചത്. ജോമോനും കൊല്ലപ്പെട്ട ബിജുവും ചേർന്ന് ബിസിനസുകൾ നടത്തിയിരുന്നു. ഇതില്‍ നഷ്ടമുണ്ടായെന്ന് ജോമോൻ പലതവണ പറഞ്ഞിരുന്നു. പണം തിരികെ ലഭിച്ചില്ല. ഇതോടെയാണ് ഇയാള്‍ കൊലപാതകം ആസൂത്രണം ചെയ്തത്.
വ്യാഴാഴ്ചയാണ് ബിജുവിനെ തട്ടിക്കൊണ്ടുപോയത്. പുലർച്ചെ നാലുമണിക്ക് വീട്ടിൽനിന്ന് നടക്കാനിറങ്ങിയപ്പോഴാണ് തട്ടിക്കൊണ്ടുപോയത്.എതിനിടെയുള്ള മർദനത്തിലാണ് മരിച്ചത്.