ബിജെപി തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ വി.വി.രാജേഷിനെതിരെ തിരുവനന്തപുരത്ത് വ്യാപകമായി പോസ്റ്ററുകൾ. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് സമീപത്തെ ചുവരുകളിലും രാജേഷിന്റെ വീടിന് മുമ്പിലുമാണ് പോസ്റ്ററുകൾ കണ്ടത്. ബിജെപി പ്രതികരണവേദി എന്ന പേരിലാണ് പോസ്റ്ററുകൾ.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന രാജീവ് ചന്ദ്രശേഖറിന്റെ തോൽവിക്ക് കാരണക്കാരൻ വി.വി. രാജേഷാണെന്നാണ് പോസ്റ്ററിൽ പറയുന്നത്. തിരഞ്ഞെടുപ്പിൽ സാമ്പത്തിക തട്ടിപ്പുനടത്തിയ വി.വി.രാജേഷിനെതിരെ പാർട്ടി നടപടിയെടുക്കണമെന്ന ആവശ്യവും പോസ്റ്ററുകളിലുണ്ട്.
തിരുവനന്തപുരം പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് പണംപറ്റി പാർട്ടിയെ തോൽപ്പിച്ചത് രാജേഷാണ്. രാജേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണം. 15 വർഷത്തിനുള്ളിലെ സാമ്പത്തിക വളർച്ചയെക്കുറിച്ച് പാർട്ടി വിശദമായ അന്വേഷണം നടത്തണമെന്നും പോസ്റ്ററിലുണ്ട്.
പോസ്റ്റര്‍ നീക്കണം എന്ന ആവശ്യം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടിട്ടുണ്ട്. പോസ്റ്റര്‍ വന്നതില്‍ കടുത്ത നീരസമാണ് അദ്ദേഹം രേഖപ്പെടുത്തിയത്.