കുട്ടിക്കാലത്ത് ലൈംഗികമായി ദുരുപയോഗിക്കപ്പെട്ടുവെന്നു നടി വരലക്ഷ്മി ശരത്കുമാര്‍. തമിഴ് സ്വകാര്യചാനലിലെ റിയാലിറ്റി ഷോയിലായിരുന്നു നടിയുടെ അഭിപ്രായപ്രകടനം.
റിയാലിറ്റി ഷോയില്‍ ഒരു മത്സരാര്‍ഥി കുടുംബത്തില്‍നിന്നുണ്ടായ മോശം അനുഭവങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. തുടര്‍ന്നാണ്, പെണ്‍കുട്ടിയുടെ കഥ തന്റേയും കഥയാണെന്ന് വരലക്ഷ്മി പറഞ്ഞത്.
“കുട്ടിക്കാലത്ത് അമ്മയും അച്ഛനും ജോലിക്കുപോവുമ്പോള്‍ എന്നെ മറ്റാളുകളുടെ അടുത്ത് ഏല്‍പ്പിക്കുമായിരുന്നു. കുട്ടിക്കാലത്ത് അഞ്ചോ ആറോ പേര്‍ എന്നെ ഉപദ്രവിച്ചിട്ടുണ്ട്. കുട്ടികളെ ഗുഡ് ടെച്ചിനെക്കുറിച്ചും ബാഡ് ടെച്ചിനെക്കുറിച്ചും പഠിപ്പിക്കണമെന്ന് ഞാന്‍ മാതാപിതാക്കളോട് ആവശ്യപ്പെടുകയാണ്” എന്നായിരുന്നു വരലക്ഷ്മിയുടെ വാക്കുകള്‍. വിതുമ്പിക്കൊണ്ടാണ് നടി ഈ കാര്യങ്ങള്‍ പറഞ്ഞത്.
നടന്‍ ശരത്കുമാറിന്റേയും ആദ്യഭാര്യ ഛായാദേവിയുടേയും മകളാണ് വരലക്ഷ്മി ശരത്കുമാര്‍. 2012-ല്‍ തമിഴ് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടി മലയാളത്തില്‍ കസബ, കാറ്റ്, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങളില്‍ പ്രധാന വേഷം ചെയ്തിട്ടുണ്ട്.