കോഴിക്കോട് സ്റ്റേറ്റ് പബ്ലിക് ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എം.ടി.സ്മാരകമാകും. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഈ കാര്യത്തില്‍ തീരുമാനമെടുത്തു. ലൈബ്രറി എം.ടി. സ്മാരകമായി നവീകരിക്കുന്നതിന് 50 ലക്ഷം രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.
ലൈബ്രറിയുടെ മുന്‍വശത്ത് എം.ടി. സ്‌ക്വയര്‍ ഒരുക്കും. എം.ടി.യുടെ വെങ്കലശില്പം സ്ഥാപിക്കാനും സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ബജറ്റില്‍ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
വെങ്കല പ്രതിമ സ്ഥാപിക്കുന്നതിനുള്ള 50 ലക്ഷം രൂപ ഗ്രന്ഥശാലാ പ്രവര്‍ത്തകരില്‍നിന്നും കണ്ടെത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വായനയുടെ പ്രോത്സാഹനം ലക്ഷ്യമിടുന്ന ബജറ്റ് ലൈബ്രറി കൗണ്‍സില്‍ പാസാക്കി. 107,60,00000 രൂപ (നൂറ്റിയേഴ് കോടി അറുപത് ലക്ഷം രൂപ) വരവും അത്രതന്നെ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.