തിരക്കുപിടിച്ച പരിപാടിക്കിടയിലും ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ് ടി.പത്മനാഭന്റെ വീട്ടിലെത്തി.മലയാളത്തിന്റെ തലപ്പൊക്കമുള്ള കഥകള്‍ പിറന്ന വീട്ടിലേക്ക് അദ്ദേഹമെത്തി ആദരത്തോടെ കൈകൂപ്പി. ടി.പത്മനാഭന്റെ കൈകള്‍ ചേര്‍ത്തുപിടിച്ചു, ഷാള്‍ അണിയിച്ചു. രാജ്ഭവന്റെ മുദ്രയുള്ള മെമന്റോ, ബംഗാള്‍മധുരം, മുണ്ട് എന്നിവയും കഥാകാരന് സ്നേഹോപഹാരമായി നല്‍കി.
പയ്യന്നൂരില്‍ തുരീയം സംഗീതോത്സവം ഉദ്ഘാടനത്തിനെത്തിയതായിരുന്നു ഗവര്‍ണര്‍. ആരോഗ്യപ്രശ്നങ്ങള്‍ കാരണം പത്മനാഭന്‍ പങ്കെടുക്കില്ലെന്ന് അറിഞ്ഞാണ് ഗവര്‍ണര്‍ പള്ളിക്കുന്നിലെ വീട്ടിലെത്തിയത്. പത്മനാഭന്റെ സന്തതസഹചാരി കെ.രാമചന്ദ്രന്‍ ‘അദൃശ്യനദി’, ‘എന്റെ കഥ എന്റെ ജീവിതം’, ‘ദയ’, ‘കരുവന്നൂര്‍’ എന്നീ പുസ്തകങ്ങള്‍ ഗവര്‍ണര്‍ക്ക് സമ്മാനിച്ചു.
പത്മനാഭന്റെ സഹായിയായ പദ്മാവതിക്ക് ഗവര്‍ണര്‍ക്കൊപ്പം ഫോട്ടോയെടുക്കണം. ‘എന്റെ അമ്മയുടെ പേരാണ് പദ്മാവതി’ -ഫോട്ടെയെടുത്തശേഷം പദ്മാവതിക്ക് സാരി സമ്മാനിക്കുമ്പോള്‍ ഗവര്‍ണര്‍ പറഞ്ഞു.