സാധാരണക്കാരന് വാങ്ങിക്കാന്‍ കഴിയാത്ത വിധം അപ്രാപ്യമാണ് സ്വര്‍ണത്തിന്റെ കുതിപ്പ്. വിലയില്‍ റെക്കോർഡ് മുന്നേറ്റം തുടരുകയാണ്. തിങ്കളാഴ്ച പവന്റെ വില 520 രൂപ കൂടിയിട്ടുണ്ട്. ഇപ്പോള്‍ പവന്റെ വില 67,400 രൂപയാണ്. ഗ്രാമിന്റെ വില 65 രൂപ വര്‍ധിച്ച് 8,425 രൂപയുമായി. ഇതോടെ മാര്‍ച്ചില്‍ മാത്രം പവന്റെ വിലയില്‍ 3880 രൂപയുടെ വര്‍ധനവാണ് വന്നത്. സുരക്ഷിത നിക്ഷേപമായി കരുതി ആഗോളതലത്തില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടുന്നുണ്ട്.
അമേരിക്കന്‍ നയംമാറ്റമാണ് വിപണിയില്‍ സ്വര്‍ണ വില ഉയര്‍ത്തിയത്. ഏപ്രില്‍ രണ്ടിലെ ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തിന് പിന്നാലെയാണ് വില വര്‍ധിച്ചത്. താരിഫ് യുദ്ധം കനക്കുന്നതും യുഎസിലെ സാമ്പത്തിക അനിശ്ചിതത്വവുമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.
ആഗോള വിപണിയില്‍ ഇതാദ്യമായി ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ വില 3,100 ഡോളറിന് മുകളിലെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 24 കാരറ്റ് പത്ത് ഗ്രാമിന് 88,850 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോളതലത്തില്‍ സ്വര്‍ണവില ഇനിയും വര്‍ധിക്കാനിടയാകും എന്നാണ് സൂചന.