ട്രംപ് നയംമാറ്റം പ്രഖ്യാപിച്ചതോടെ യുഎസ് ഓഹരി വിപണിയില്‍ കനത്ത തിരുത്തലാണ് പ്രകടമായത്. ഡോളര്‍ സൂചിക തുടരെ താഴുന്നത് യുഎസ് സമ്പദ്‌വ്യവസ്ഥയിലെ ദുര്‍ബലാവസ്ഥയാണ് കാണിക്കുന്നത്.എസ്ആന്റ് പി 10 ശതമാനവും നസ്ദഡാക് 14 ശതമാനവുമാണ് ഇടിഞ്ഞത്. ആഗോള വിറ്റൊഴിക്കലിനിടയില്‍ ഇന്ത്യന്‍ ഓഹരി വിപണി പ്രതിരോധം തീര്‍ത്തിട്ടുമുണ്ട്. ഈയിടെ ഉണ്ടായ 21,964.6 ന്റെ താഴ്ചയില്‍ നിന്ന് അതിവേഗം കരകയറിയ നിഫ്റ്റി 50 അനായാസം 23,000 പരിധി മറി കടന്നു.
ട്രംപിന്റെ തീരുവ സംബന്ധിച്ച നയങ്ങള്‍ ഹ്രസ്വകാലം മുതല്‍ ഇടക്കാലം വരെ യുഎസ് സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നാണ് കരുതുന്നത്. വിപണിയിലെ ചാഞ്ചാട്ടം ഇന്ത്യന്‍ വിപണിയുടെ മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. യുഎസിലെ സാമ്പത്തിക ഏകീകരണത്തെ തുടര്‍ന്ന് 110ല്‍ നിന്ന് യുഎസ് ഡോളര്‍ 104ല്‍ എത്തി. യുഎസ് കേന്ദ്ര ബാങ്കായ ഫെഡിന്റെ പുതിയ നയരേഖ അനുസരിച്ച് 2025 നടപ്പ് വര്‍ഷത്തേക്കുള്ള യുഎസ് ജിഡിപി വളര്‍ച്ചാ അനുമാനം 2.1 ശതമാനത്തില്‍ നിന്ന് 1.7 ശതമാനമായി കുറച്ചിട്ടുണ്ട്.
കര്‍ശന പണനയം നടപ്പാക്കുന്നതില്‍ ഫെഡിന്റെ അലംഭാവം ഡോളര്‍ സൂചിക ഇടിയാനിടയാക്കിയിട്ടുണ്ട്. കടപ്പത്രങ്ങള്‍ വാങ്ങുന്നതിലും മറ്റും നിലവിലുണ്ടായിരുന്ന തുറന്ന വിപണി പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഫെഡ് ഈയിടെ പിന്നോട്ടു പോയി. വിപണിയില്‍ പണലഭ്യത വര്‍ധിപ്പിക്കുന്നതിനായിരുന്നു ഇത്. ഉദാര പണനയത്തിന്റെ വിപരീതമായ കര്‍ശന നയങ്ങളില്‍ അയവു വരുത്തിയതോടെ ബാഹ്യ സ്രോതസുകളില്‍ നിന്നുള്ള ഡോളര്‍ ഡിമാന്റ് കുറഞ്ഞു. ഇതര കറന്‍സികളുടെ ഡിമാന്റ് ഇതോടെ വര്‍ധിക്കാനിടയായി. യൂറോപ്യന്‍ യൂണിയനും വികസ്വര വിപണികള്‍ക്കും ഇത് ഗുണകരമായി. കഴിഞ്ഞ മൂന്നു മാസങ്ങളില്‍ എസ്ആന്റ്പി യൂറോ, ഹാങ്സെങ് സൂചികകള്‍ യഥാക്രമം 12 ശതമാനം, 20 ശതമാനം വീതം ഉയര്‍ന്നു. ഇന്ത്യന്‍ സൂചികകളിലും ഈ മാറ്റം ദൃശ്യമായിട്ടുണ്ട്.