തീർത്ഥാടകർക്കായി സംസം ജലം ലഭ്യമാക്കി സൗദി അറേബ്യ. സൗദിയിലെ വിമാനത്താവളങ്ങളിലാണ് തീർത്ഥാടകർക്കായി ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. വിമാനത്താവളത്തിലെ അംഗീകൃത വിൽപ്പനാ കേന്ദ്രങ്ങളിൽ നിന്നും ഇനി സംസം ബോട്ടിലുകൾ വാങ്ങാൻ കഴിയും. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റേതാണ് നടപടി. സംസം വെള്ളം വീട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഔദ്യോഗിക നടപടി ക്രമങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനാണ് ഇത്തരമൊരു നീക്കമെന്നും ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
ഒരാൾക്ക് ഒരു കുപ്പി സംസം വെള്ളം മാത്രമേ വാങ്ങാൻ അനുമതിയുള്ളു. കൂടാതെ ഇതു സംബന്ധിച്ച പ്രക്രിയകൾ പൂർത്തിയാക്കുന്നതിന് സാധുവായ ഉംറ വിസയോ നുസുക് ആപ്ലിക്കേഷൻ വഴിയുള്ള അനുമതിയോ ഹാജരാക്കണം. സംസം ബോട്ടിലുകൾ വാങ്ങിക്കഴിഞ്ഞാൽ പരിശോധന കഴിഞ്ഞിട്ടുള്ള ലഗേജുകളിൽ സൂക്ഷിക്കരുത്. പകരം ഓരോ കുപ്പിയും പ്രത്യേകം നിയുക്തമാക്കിയിട്ടുള്ള കൺവെയർ ബൽറ്റുകളിലായിരിക്കണം സൂക്ഷിക്കേണ്ടത്. ഇത് ജലത്തിന്റെ ഗുണനിലവാരം സംരക്ഷിക്കുന്നതിനും ഏവിയേഷൻ മാർഗ നിർദേശങ്ങൾ പാലിക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.