റമസാനിൽ മക്ക, മദീന ഹറം പള്ളികളിൽ പ്രാർഥനയ്ക്കായെത്തിയത് 12.22 കോടി പേർ. 1.65 കോടി ഉംറ തീർഥാടകരും ഉൾപ്പെടെയാണ് ഇത്രയുമധികം ആളുകൾ തീർത്ഥാടനത്തിനായി എത്തിയത്. റമസാനിലെ അവസാന പത്തിലായിരുന്നു ഏറ്റവും തിരക്ക്.
മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ മസ്ജിദുന്നബവി(പ്രവാചക പള്ളി)യിലേക്കുമാണ് ഇത്രയധികം തീർത്ഥാടകർ എത്തിയത്.
ഹറം പള്ളികളിൽ ഇഅതികാഫ് അനുഷ്ഠിച്ചവർ ഉൾപ്പെടെ പെരുന്നാൾ നമസ്കാരം നിർവഹിച്ച ശേഷമാണ് മടങ്ങിയത്. സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തീർത്ഥാടകർക്ക് പെരുന്നാൾ ആശംസകൾ നേർന്നു. ഐക്യത്തിന്റെയും അനുകമ്പയുടെയും സാഹോദര്യത്തിന്റെയും സുദിനമാണ് ഈദുൽ ഫിത്ർ എന്ന് സൽമാൻ രാജാവ് പറഞ്ഞു.