ശാരീരിക പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു സുപ്രധാന ധാതുവാണ് മഗ്നീഷ്യം. പേശികളുടെയും നാഡികളുടെയും പ്രവർത്തനം, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം തുടങ്ങി, 300-ലധികം ജൈവ രാസപ്രവർത്തനങ്ങളിൽ മഗ്നീഷ്യം ഒരു പ്രധാനഘടകമാണ്.
തലച്ചോറിന്റെ പ്രവർത്തനത്തെയും പേശികളുടെയും നാഡികളുടെയും പ്രവർത്തനം നിലനിർത്തുന്നതിലും മഗ്നീഷ്യം ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്.
പലപ്പോഴും മഗ്നീഷ്യം ശരീരത്തിൽ കുറയുന്നുവെന്ന് എങ്ങനെ മനസിലാക്കാം…? മഗ്നീഷ്യം കുറഞ്ഞാൽ ശരീരം കാണിക്കുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെ?
മഗ്നീഷ്യം കുറവിന്റെ ആദ്യ ലക്ഷണങ്ങളിലൊന്ന് വിറയലാണ്. മഗ്നീഷ്യത്തിന്റെ കുറവ് മൂലം വിട്ടുമാറാത്ത ക്ഷീണവും ബലഹീനതയും ശരീരത്തിൽ അനുഭവപ്പെടാം. കോശത്തിന്റെ ഊർജ്ജോത്പാദനത്തിന് മഗ്നീഷ്യം ഒരു പ്രധാന ഘടകമാണ്. അതുകൊണ്ടുതന്നെ ഊർജ്ജവും സ്റ്റാമിനയും കുറയാൻ കാരണമാകും.
മഗ്നീഷ്യം കുറവിന്റെ പ്രാരംഭ ഘട്ടത്തിൽ ഛർദ്ദി, ഓക്കാനം തുടങ്ങിയ ദഹനനാളത്തിന്റെ ലക്ഷണങ്ങൾ ഉണ്ടാകാം.
മഗ്നീഷ്യം കുറവിൻറെ മറ്റൊരു നിർണായക ലക്ഷണം ക്രമരഹിതമായ ഹൃദയമിടിപ്പ് ആണ്. ശരീരത്തിൽ മഗ്നീഷ്യത്തിൻറെ അളവ് കുറയുന്നത് രക്തസമ്മർദ്ദം കൂടാനും ഹൃദയത്തിൻറെ ആരോഗ്യത്തെ മോശമായി ബാധിക്കാനും സാധ്യതയുണ്ട്.
മറ്റൊന്ന് മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് മാനസികാരോഗ്യത്തെയും ബാധിക്കാം. ഇതുമൂലം വിഷാദം, ഉത്കണ്ഠ, മൂഡ് സ്വിംഗ്സ് തുടങ്ങിയവ അനുഭവപ്പെടാം.
മഗ്നീഷ്യം നാഡികളുടെ പ്രവർത്തനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. മഗ്നീഷ്യത്തിന്റെ കുറവ് മരവിപ്പ്, നാഡീസംബന്ധമായ ലക്ഷണങ്ങൾക്ക് കാരണമാകും.