ഭിന്നശേഷി അവകാശ സംരക്ഷണവും സേവനവും കൂടുതൽ കാര്യക്ഷമമാക്കാൻ കുവൈത്തും യു.എന്നും. ഇതിന്റെ ഭാഗമായി സാമൂഹിക, കുടുംബ, ബാല്യകാലകാര്യ മന്ത്രി ഡോ.അംതാൽ അൽ ഹുവൈലയും ഭിന്നശേഷി അവകാശങ്ങളെക്കുറിച്ചുള്ള യു.എൻ പ്രത്യേക റിപ്പോർട്ടർ ഹെബ ഹഗ്രാസും ചർച്ച നടത്തി.
ഭിന്നശേഷി സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ ഉൾപ്പെടെ പരസ്പര താൽപര്യമുള്ള വിവിധ വിഷയങ്ങൾ ചർച്ചയിൽ പരാമർശിച്ചതായി മന്ത്രി വ്യക്തമാക്കി. ബെർലിനിൽ നടന്ന ആഗോള ഭിന്നശേഷി ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി വ്യക്തികളുമായി ബന്ധപ്പെട്ട വിവിധ സാഹചര്യങ്ങളും അവരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന സാമ്പത്തിക പ്രയാസങ്ങളും കണക്കിലെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മന്ത്രി സൂചിപ്പിച്ചു.
സർക്കാർ ഏജൻസികൾ നൽകുന്ന സേവനങ്ങളും പരിപാടികളും മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും അദ്ദേഹം വിലയിരുത്തി. യു.എൻ ഏജൻസികളുമായി സഹകരണവും ഏകോപനവും വർധിപ്പിക്കുന്നതിലുള്ള കുവൈത്തിന്റെ താൽപര്യം അൽ ഹുവൈല ഹെബ ഹഗ്രാസിനെ അറിയിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിലും പുനരധിവസിപ്പിക്കുന്നതിലും കുവൈത്തിന് സാങ്കേതിക പിന്തുണയും സഹകരണവും ഹെബ ഹഗ്രാസ് ഉറപ്പു നൽകി. കുവൈത്ത് മനുഷ്യാവകാശകാര്യ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസഡർ ശൈഖ ജവഹർ ഇബ്രാഹിം അൽ ദുവൈജ് അസ്സബാഹും യോഗത്തിൽ പങ്കെടുത്തു.