വകാൻ ഗ്രാമത്തിന്റെ വളർച്ച ലക്ഷ്യമിട്ട് ഒമാൻ. ഗ്രാമത്തിന്റെ വളർച്ചക്ക് സഹായമേകുന്ന പ്രധാന സംരംഭങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി തെക്കൻബാത്തിന ഗവർണറുടെ ഓഫിസ് പ്രധാന കമ്മിറ്റിയുടെ യോഗം വിളിച്ചു ചേർത്തു. റോഡ് ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ, ജലവിതരണം, അതിഥി മന്ദിരങ്ങൾ പോലുള്ള ടൂറിസം സംരംഭങ്ങൾ, പർവത പാതകളുടെ വികസനം എന്നിങ്ങനെ വാകാൻ ഗ്രാമം വികസിപ്പിക്കുന്നതിനുള്ള തന്ത്രപരമായ പദ്ധതികളെക്കുറിച്ചായിരുന്നു ചർച്ച. ഗവർണർ മസൂദ് ബിൻ സഈദ് അൽ ഹാഷെമി അധ്യക്ഷത വഹിച്ചു. നഖൽ വിലായത്തിലെ വാദി മിസ്തലിൽ നടന്ന യോഗത്തിൽ നഖൽ വാലി, ഗ്രാമ വികസനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജനറൽ മാനേജർമാർ എന്നിവർ പങ്കെടുത്തു.
റോഡ് ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ, ജലവിതരണം, അതിഥി മന്ദിരങ്ങൾ പോലുള്ള ടൂറിസം സംരംഭങ്ങൾ, പർവത പാതകളുടെ വികസനം എന്നിങ്ങനെ വാകാൻ ഗ്രാമം വികസിപ്പിക്കുന്നതിനുള്ള തന്ത്രപരമായ പദ്ധതികളെക്കുറിച്ച് ചർച്ചകൾ നടന്നു.
വകാൻ ഗ്രാമത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ വികസന പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. 32,000 വിനോദ സഞ്ചാരികളാണ് 2023ൽ ഇവിടെയെത്തിയത്. സമുദ്രനിരപ്പിൽനിന്ന് 2,000 മീറ്റർ ഉയരത്തിൽ, പടിഞ്ഞാറൻ ഹജർ പർവതനിരകളിൽ സ്ഥിതിചെയ്യുന്ന വകാൻ ഗ്രാമം മസ്കത്തിൽനിന്ന് 150 കി.മീ അകലെയാണ്. മിതമായ വേനൽകാലവും കുറഞ്ഞ ശൈത്യകാല താപനിലയും ഈ പ്രദേശത്തിന്റെ സവിശേഷതയാണ്.
സുൽത്താനേറ്റിലെ ആപ്രിക്കോട്ടും പീച്ചും വളരുന്ന ചുരുക്കം ചില പ്രദേശങ്ങളിലൊന്നാണ് വകാൻ. മുന്തിരി, മാതളനാരങ്ങ, ഈന്തപ്പന, വിവിധയിനം പൂക്കൾ, നാട്ടുവൈദ്യത്തിൽ ഉപയോഗിക്കുന്ന പർവതസസ്യങ്ങൾ എന്നിവയും ഗ്രാമത്തിന്റെ വിവിധ പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നുണ്ട്. ദാഖിലിയ ഗവർണറേറ്റിന്റെ അതിർത്തിയിലാണ് വകാൻ സ്ഥിതി ചെയ്യുന്നതെങ്കിലും തെക്കൻ ബാത്തിന ഗവർണറേറ്റിലെ നഖലിന്റെ ഭാഗമാണ് വകാൻ. വകാന് പുറമെ അൽ ഖുറ, അൽ ഹജ്ജാർ, മിസ്ഫത്ത് അൽ ഖുറ, അൽ ഷിസ്, അൽ അഖർ, ഹദ്ദിഷ്, അൽ ഖദാദ്, അൽ ഖദ്ര, അർദ് അൽ ഷാവ, അൽ മിസ്ഫത്ത്, അൽ ദാഹിറ എന്നീഗ്രാമങ്ങളാണ് വാദി മിത്തലിൽ ഉൾപ്പെടുന്നത്.
ആപ്രിക്കോട്ടും പീച്ചും പൂത്തുലഞ്ഞ് സീസൺ ആരംഭിക്കുന്നതോടെ തെക്കൻ ബാത്തിന ഗവർണറേറ്റിലെ നഖൽ വിലായത്തിലെ വാദി മിസ്റ്റലിലെ വകാനിലേക്ക് സഞ്ചാരികളൊഴുകും. സ്വദേശികളും വിദേശികളുമടക്കം നൂറുകണക്കിനാളുകളാണ് വന്നെത്താറുള്ളത്. ജനുവരിയുടെ തുടക്കത്തിൽ ഇവ രണ്ടും പൂവിട്ട് തുടങ്ങും. പഴങ്ങളുടെ വിളവെടുപ്പ് കാലമായ മേയ് പകുതി മുതൽ ആഗസ്റ്റ് അവസാനം വരെയാണ് വകാൻ സന്ദർശിക്കാൻ അനുയോജ്യമായ സമയം.