ഈ വർഷം ഫെബ്രുവരിയിൽ, ഇന്ത്യയിലെ 9.7 ദശലക്ഷത്തിലധികം വാട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചതായി അധികൃതർ. ഏറ്റവും പുതിയ പ്രതിമാസ സുരക്ഷാ റിപ്പോർട്ടിലാണ് കമ്പനി ഇക്കാര്യം വെളിപ്പെടുത്തിയത്. 1.4 ദശലക്ഷത്തിലധികം അക്കൗണ്ടുകൾ ഉപയോക്തൃ പരാതികൾ ഫയൽ ചെയ്യുന്നതിനുമുമ്പ് തന്നെ നീക്കം ചെയ്തു.
ഇന്ത്യയിൽ 500 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് മെറ്റ പ്ലാറ്റ്ഫോമിനുള്ളത്. 2021-ലെ ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) നിയമങ്ങൾക്കനുസൃതമായി പ്രസിദ്ധീകരിച്ച റിപ്പോർട്ടാണിത്.
ഉപയോക്താക്കളുടെ സുരക്ഷക്ക് വേണ്ടി വാട്സാപ് പല തരത്തിലുള്ള നടപടികൾ കൈകൊള്ളുന്നതിൽ പ്രധാനപ്പെട്ടതാണ് ഉപയോക്താക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന അക്കൗണ്ടുകൾ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനം. ഇത്തരത്തിലുള്ള ഉപയോക്തൃ റിപ്പോർട്ടുകളുടെ പേരിലാണ് പല വിലക്കുകളും ഉണ്ടാകുന്നതെങ്കിലും, സംശയാസ്‌പദമായ പെരുമാറ്റം കണ്ടെത്തുന്നതിന് വാട്സാപ് ഓട്ടമേറ്റഡ് ഡിറ്റക്ഷനും ഉപയോഗിക്കുന്നു.
ബാൻ കിട്ടാനുള്ള കാരണങ്ങള്‍
ബൾക്ക് സന്ദേശങ്ങൾ അയയ്‌ക്കാൻ ബോട്ടുകളോ മൂന്നാം കക്ഷി ആപ്പുകളോ ഉപയോഗിക്കുന്നതും ആളുകളെ അവരുടെ സമ്മതമില്ലാതെ ഗ്രൂപ്പുകളിലേക്ക് ചേർക്കുന്നത്, പ്രത്യേകിച്ച് അവർ ആവർത്തിച്ച് പുറത്തുകടക്കുകയാണെങ്കിൽ ബാൻ ലഭിച്ചേക്കാം.
വാട്സാപ്പിന്റെ സേവന നിബന്ധനകൾ ലംഘിക്കുന്ന അക്കൗണ്ട് ബാൻ ചെയ്യപ്പെടാൻ കാരണമാകും. നിയമവിരുദ്ധമായ, അപകീർത്തികരമായ, ഭീഷണിപ്പെടുത്തുന്ന, ശല്യപ്പെടുത്തുന്ന, അല്ലെങ്കിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ അയയ്ക്കുന്നതും ബാൻ ലഭിക്കാൻ കാരണമാകുന്നു.