ഐ ലീഗില്‍ എല്ലാം മത്സരങ്ങളും അവസാനിച്ചപ്പോള്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഒന്നാമത്. കിരീടം നേടുമോ എന്നറിയാന്‍ കാത്തിരിക്കണം. ഇന്റർ കാശി അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന് നൽകിയ അപ്പീൽ നല്‍കിയതിനാല്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഫലം വന്നാൽ മാത്രമേ ചിത്രം വ്യക്തമാകൂ. അപ്പീൽ അനുകൂലമായാൽ ഇന്റർകാശിക്ക് മൂന്നുപോയനറും അതുവഴി കിരീടവും ലഭിക്കും. ഏപ്രിൽ 28-നാണ് വിധി.
അവസാനമത്സരങ്ങളില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ്-റിയല്‍ കാശ്മിര്‍ മത്സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ ഇന്റര്‍ കാശി രാജസ്ഥാനെ കീഴടക്കി. ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്കാണ് രാജസ്ഥാനെ തോല്‍പ്പിച്ചത്. റിയല്‍ കശ്മീറും ചര്‍ച്ചിലും ഓരോ ഗോള്‍വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. അതേസമയം ഡെംപോ എഫ്‌സിയോട് ഗോകുലം കേരള പരാജയപ്പെട്ടു.
മൂന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ഗോകുലത്തിന്റെ തോല്‍വി. ഗോകുലത്തിന്റെ കിരീടപ്രതീക്ഷ അവസാനിച്ചു.
22 മത്സരങ്ങളില്‍ നിന്ന് 40 പോയന്റുമായി ചര്‍ച്ചിലാണ് പട്ടികയില്‍ ഒന്നാമത്. ഇന്റര്‍ കാശി 39 പോയന്റുകളുമായി രണ്ടാമതാണ്. റിയല്‍ കശ്മിര്‍ മൂന്നാമതും ഗോകുലം നാലാമതുമാണ്.