top_ad
Tuesday, October 7, 2025 - 5:10 PM
Tuesday, October 7, 2025 - 5:10 PM
single_page_ads

കാഴ്ച കണ്ട് യാത്ര ചെയ്യാം; വയനാട് – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ്‌വേ പദ്ധതി യാഥാര്‍ഥ്യമാകുന്നു

വയനാട് – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ്‌വേ പദ്ധതി യാഥാര്‍ഥ്യമാകുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ (പിപിപി) പദ്ധതി നടപ്പാക്കാന്‍ കെഎസ്‌ഐഡിസിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. അടിവാരം മുതല്‍ ലക്കിടി വരെ 3.67 കി.മീ ദൂരത്തിലാണ് 100 കോടിയിലേറെ ചെലവിട്ട് റോപ്‌വേ പദ്ധതി നടപ്പാക്കുന്നത്.

ലക്കിടിയെ അടിവാരവുമായി ബന്ധിപ്പിക്കുന്നതാണ് 3.675 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോപ്‌വേ പദ്ധതി. ദക്ഷിണേന്ത്യയിലെ ഏറ്റവും നീളമുള്ള റോപ്‌വേ ആയിരിക്കും ഇത്. ചുരത്തില്‍ ഏകദേശം 2 ഹെക്ടര്‍ വനഭൂമിക്കു മുകളിലൂടെയാണ് റോപ്‌വേ കടന്നുപോകേണ്ടത്. കാഴ്ചകള്‍ കണ്ട് ഒരു വശത്തേക്കുള്ള യാത്ര പൂര്‍ത്തിയാക്കാന്‍ 15 മിനിറ്റ് മതി. 3 കിലോമീറ്റര്‍ മാത്രം യാത്ര ചെയ്താല്‍ മതി. ഇപ്പോള്‍ അടിവാരം മുതല്‍ ലക്കിടിവരെ ചുരത്തിലൂടെ കുറഞ്ഞത് 40 മിനിറ്റ് യാത്ര വേണ്ടിവരും. ഒരേസമയം 6 പേര്‍ക്കു യാത്ര ചെയ്യാനാകുന്ന എസി കേബിള്‍ കാറുകളാണ് റോപ്‌വേയിൽ ഉണ്ടാകുക.

മണിക്കൂറില്‍ 400 പേര്‍ക്കു യാത്ര ചെയ്യാനാകുമെന്നാണ് കണക്കുകൂട്ടല്‍. അടിവാരത്തിനും ലക്കിടിക്കും ഇടയില്‍ 40 ടവറുകള്‍ സ്ഥാപിക്കേണ്ടിവരും. ബത്തേരിയില്‍നിന്നു ലക്കിടി വരെയും കോഴിക്കോടുനിന്ന് അടിവാരം വരെയും പ്രത്യേക ബസ് സര്‍വീസുകളും ഏര്‍പ്പെടുത്തും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാങ്കേതിക അനുമതികളെല്ലാം പദ്ധതി നേടിക്കഴിഞ്ഞു. റോപ്‌വേ പദ്ധതിക്കൊപ്പം അടിവാരം-നൂറാംതോട്-ചിപ്പിലിത്തോട്-തളിപ്പുഴ റോഡ് കൂടി യാഥാര്‍ഥ്യമായാല്‍ ചുരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകും. അടിവാരം-ലക്കിടി ടെര്‍മിനലുകളോടു അനുബന്ധിച്ച് പാര്‍ക്ക്, സ്റ്റാര്‍ ഹോട്ടല്‍, കഫറ്റീരിയ, ആംഫി തിയറ്റര്‍, ഓഡിറ്റോറിയം തുടങ്ങിയവയും ആരംഭിക്കാന്‍ ഉദ്ദേശ്യമുണ്ട്.

ads
ad

EDITOR'S PICK

ad
single_page_ads
Scroll to Top