ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘പൈങ്കുനി ആറാട്ട്’ ഘോഷയാത്രയ്ക്കായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ നിർത്തിവയ്ക്കും. വ്യാഴാഴ്ച വൈകുന്നേരം 4.45 മുതൽ രാത്രി ഒമ്പത് വരെയുള്ള സമയങ്ങളിലാണ് നിയന്ത്രണം. വിമാനത്താവളത്തിന്‍റെ റൺവേയിലൂടെയാണ് ആറാട്ട് ഘോഷയാത്ര കടന്ന് പോകുന്നത്.
പടിഞ്ഞാറെ നടയിൽ നിന്ന് വൈകിട്ട് പുറപ്പെടുന്ന എഴുന്നള്ളത്ത് സൂര്യാസ്‌തമയ സമയത്ത് ശംഖുമുഖത്തെത്തും. ചന്ദ്രോദയത്തിലാണ് കടലിൽ ആറാട്ട്. പതിറ്റാണ്ടുകളായി വിമാനത്താവളത്തിന്‍റെ റൺവേ മുറിച്ചു കടന്നുപോകാനുള്ള ആചാരപരമായ ഘോഷയാത്രയെ തടസപ്പെടുത്താതിരിക്കാന്‍ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയും ഫ്‌ലൈറ്റ് ഷെഡ്യൂളുകള്‍ ക്രമീകരിക്കുകയും ചെയ്യാറുണ്ട്.
ഇത്തവണയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ വിവരം അതത് വിമാനകമ്പനികൾ യാത്രക്കാരെ അറിയിച്ചിട്ടുണ്ടെന്ന് വിമാനത്താവളം അധികൃതർ പറഞ്ഞു. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ അല്‍പശി ആറാട്ടിനും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലെ പൈങ്കുനി ആറാട്ടിലുമാണ് വിമാനത്താവളം നിശ്ചിത സമയത്തേക്ക് അടച്ചിടുന്നത്. പടിഞ്ഞാറെകോട്ട കടന്ന് വള്ളക്കടവ് വഴി തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലൂടെയാണ് ആറാട്ടെഴുന്നള്ളത്ത് പോകുന്നതും മടങ്ങുന്നതും. ഇതിന്റെ ഭാഗമായാണ് വർഷത്തിൽ രണ്ടുദിവസം വിമാനത്താവളം അടച്ചിടുന്നത്.
ശ്രീപത്മനാഭ സ്വാമിയെ സ്വർണഗരുഡ വാഹനത്തിലും തെക്കേടം നരസിംഹമൂർത്തിയെയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും വെള്ളിഗരുഡ വാഹനത്തിലും എഴുന്നള്ളിക്കും. വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിന്‍റെ ഉള്ളിലേക്ക് കടക്കുന്ന എഴുന്നള്ളത്ത് ശംഖുമുഖം ദേവീക്ഷേത്രത്തിന് സമീപത്തെ പാർക്കിലൂടെയാണ് പുറത്തേക്കിറങ്ങുന്നത്. ആറാട്ട് ഘോഷയാത്ര കാണാനും അനുഗമിക്കാനും ആയിരക്കണക്കിന് ഭക്തരാണ് എത്തുക. ആറാട്ടുമായി ബന്ധപ്പെട്ട് ഭക്തർക്കും യാത്രക്കാർക്കും യാതൊരു ബുദ്ധിമുട്ടുമുണ്ടാകാതെയാണ് എയർപോർട്ട് പ്രവർത്തിപ്പിക്കുകയെന്ന് അധികൃതർ അറിയിച്ചു.
1932ൽ അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ചിത്തിര തിരുനാളിന്‍റെ നേതൃത്വത്തിലാണ് തിരുവനന്തപുരം വിമാനത്താവളം ശംഖുമുഖത്തിന് സമീപത്തായി രൂപം കൊണ്ടത്. അതിനുമുൻപ് തന്നെ ശ്രീപത്മനാഭന്റെ ആറാട്ട് എഴുന്നള്ളത്തിനായി നിശ്ചിത യാത്രാമാർഗമുണ്ടായിരുന്നു. ആ പാതയുണ്ടായിരുന്നയിടത്താണ് പിന്നീട് വിമാനത്താവളത്തിന്‍റെ റൺവേ തയാറാക്കിയത്. ശ്രീപത്മനാഭന്‍റെ ആറാട്ടിന് ഈ പാത തന്നെ ഉണ്ടായിരിക്കണമെന്ന് രാജാവ് ആവശ്യപ്പെട്ടിരുന്നു. അന്നത്തെ കേന്ദ്ര സർക്കാരുമായി ഇക്കാര്യത്തിൽ കരാർ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇതാണ് ഇന്നും പിന്തുടരുന്നത്.