ഖത്തർ എയർവേയ്സിന്റെ ബോയിങ് 777 വിമാനങ്ങളിലെ യാത്രക്കാർക്ക് ഉടന്‍ തന്നെ ഇൻറർനെറ്റ് ലഭ്യമാകും. ഇതിനായി സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് സ്ഥാപിക്കൽ നടപടി ഉടൻ പൂർത്തിയാകുമെന്ന് കമ്പനി അറിയിച്ചു. 35,000 അടി ഉയരത്തിൽ സ്ട്രീമിങ്, ഗെയിമിങ്, അതിവേഗ ബ്രൗസിങ് എന്നിവ സൗജന്യമായാണ് വൈ-ഫൈ വഴി യാത്രക്കാർക്ക് ലഭിക്കുക .
ഈ മാസത്തോടെ എയർബസ് എ350 വിമാനങ്ങളിലും അതിവേഗ ഇന്റർനെറ്റ് സ്ഥാപിക്കൽ നടപടികൾക്കും തുടക്കം കുറിക്കും. ബോയിങ് 777ലെ സ്റ്റാർലിങ് വൈ-ഫൈ സേവനം വിജയകരമായതോടെയാണ് എ350 വിമാനങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുന്നത്.
ഏതാനും ബോയിങ് 777 വിമാനങ്ങളിൽ മാത്രമാണ് ഇനി സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനുള്ളുവെന്ന് ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് സി.ഇ.ഒ എൻജി. ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു. ഈ മാസത്തോടെ എയർബസ് എ350 വിമാനങ്ങളിലേക്കു കൂടി സേവനം വിപുലീകരിക്കാനുള്ള തയാറെടുപ്പിലാണെന്നും ഇതോടെ എ350 വിമാനങ്ങളിൽ സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് സേവനം നൽകുന്ന ലോകത്തിലെ ആദ്യ വിമാന കമ്പനിയായി ഖത്തർ എയർവേയ്സ് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.