പോലീസിന് തലവേദനയായ തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ കൊലപാതകം തെളിയാന്‍ ഇടയാക്കിയത് പറവൂർ സ്വദേശി ആഷിക്കിന്‍റെ അറസ്റ്റ്. ആഷിക്കിനെ കാപ്പ ചുമത്തി അകത്താക്കാനുള്ള തീരുമാനമാണ് കേസില്‍ നിര്‍ണായകമായത്.
ആഷിക്കിനെതിരെ കാപ്പ ചുമത്താൻ നിർദേശം വന്നതോടെ വടക്കേക്കര പൊലീസ് ഇയാളെ തിരയാൻ തുടങ്ങി. ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ലൊക്കേഷന്‍ തൊടുപുഴ ഭാഗത്താണ് എന്ന് വ്യക്തമായി. ഇതോടെ തൊടുപുഴ പോലീസിനു വിവരം നല്‍കി ഇയാളെ അറസ്റ്റ് ചെയ്തു.
ആഷിക്ക് എന്തിനാണ് തൊടുപുഴയിൽ വന്നതെന്ന സംശയം പോലീസിനു വന്നതോടെയാണ് അന്വേഷണം ബിജു ജോസഫ് വധത്തിലേക്ക് തിരിഞ്ഞത്. ബിജു ജോസഫ് വധത്തില്‍ സംശയമുള്ള ആളുകളുടെ കൂട്ടത്തില്‍ മുൻ ബിസിനസ് പങ്കാളിയായ ജോമോന്റെ പേരും ഉണ്ടായിരുന്നു. ആഷിക്കിനെ ചോദ്യം ചെയ്തപ്പോള്‍ അത് ജോമോനിലേക്കും ബിജു വധത്തിലേക്കും വെളിച്ചംവീശി.
ആറു ലക്ഷം രൂപയ്ക്കാണ് ജോമോൻ ഇവർക്ക് ക്വട്ടേഷൻ നൽകിയത്എന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. രാവിലെ നടക്കാനിറങ്ങിയ ബിജുവിനെ ജോമോനും സംഘവും വാഹനത്തിലേക്ക് പിടിച്ചു കയറ്റി. എതിർക്കാൻ ശ്രമിച്ചപ്പോള്‍ കഴുത്തിൽ ചവിട്ടിക്കൊന്നു. ഇതാണ് പ്രതികളുടെ മൊഴി.