Saturday, January 3, 2026 - 4:00 AM

DISTRICT NEWS

DISTRICT NEWS

വേനൽ അത്ര കടുപ്പമാകില്ല; ഇടവിട്ടു മഴ ലഭിക്കാന്‍ സാധ്യത

ഈ വർഷം കടുത്ത ചൂടിനു സാധ്യത കുറവെന്ന് സൂചന. ആലപ്പുഴയില്‍ ഇടവിട്ടു മഴ ലഭിക്കുന്നതിന് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. . ഏപ്രിലിൽ ഇടവിട്ട് മഴയുണ്ടാകും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭൂരിഭാഗം ജില്ലകളിലും വൈകിട്ടു മഴ ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ചൂട് കുറവാണ്. 2023ലെ വേനൽക്കാലത്തിനു സമാനമായ സാഹചര്യങ്ങളാണ് ഈ വർഷവുമെന്നാണ് അനുമാനം. 36 ഡിഗ്രി സെൽഷ്യസ് താപനില പ്രതീക്ഷിക്കാം. തുടർച്ചയായ‌ ദിവസങ്ങളിൽ ചൂട് കൂടുന്നതു കാരണമുള്ള പ്രശ്നങ്ങളും മഴ കാരണം ഒഴിവാകും.

DISTRICT NEWS, KERALA, LATEST NEWS

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘പൈങ്കുനി ആറാട്ട്’; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ നിർത്തിവയ്ക്കും

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘പൈങ്കുനി ആറാട്ട്’ ഘോഷയാത്രയ്ക്കായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ നിർത്തിവയ്ക്കും. വ്യാഴാഴ്ച വൈകുന്നേരം 4.45 മുതൽ രാത്രി ഒമ്പത് വരെയുള്ള സമയങ്ങളിലാണ് നിയന്ത്രണം. വിമാനത്താവളത്തിന്‍റെ റൺവേയിലൂടെയാണ് ആറാട്ട് ഘോഷയാത്ര കടന്ന് പോകുന്നത്. പടിഞ്ഞാറെ നടയിൽ നിന്ന് വൈകിട്ട് പുറപ്പെടുന്ന എഴുന്നള്ളത്ത് സൂര്യാസ്‌തമയ സമയത്ത് ശംഖുമുഖത്തെത്തും. ചന്ദ്രോദയത്തിലാണ് കടലിൽ ആറാട്ട്. പതിറ്റാണ്ടുകളായി വിമാനത്താവളത്തിന്‍റെ റൺവേ മുറിച്ചു കടന്നുപോകാനുള്ള ആചാരപരമായ ഘോഷയാത്രയെ തടസപ്പെടുത്താതിരിക്കാന്‍ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയും ഫ്‌ലൈറ്റ് ഷെഡ്യൂളുകള്‍ ക്രമീകരിക്കുകയും ചെയ്യാറുണ്ട്. ഇത്തവണയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ വിവരം അതത് വിമാനകമ്പനികൾ യാത്രക്കാരെ അറിയിച്ചിട്ടുണ്ടെന്ന് വിമാനത്താവളം അധികൃതർ പറഞ്ഞു. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ അല്‍പശി ആറാട്ടിനും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലെ പൈങ്കുനി ആറാട്ടിലുമാണ് വിമാനത്താവളം നിശ്ചിത സമയത്തേക്ക് അടച്ചിടുന്നത്. പടിഞ്ഞാറെകോട്ട കടന്ന് വള്ളക്കടവ് വഴി തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലൂടെയാണ് ആറാട്ടെഴുന്നള്ളത്ത് പോകുന്നതും മടങ്ങുന്നതും. ഇതിന്റെ ഭാഗമായാണ് വർഷത്തിൽ രണ്ടുദിവസം വിമാനത്താവളം അടച്ചിടുന്നത്. ശ്രീപത്മനാഭ സ്വാമിയെ സ്വർണഗരുഡ വാഹനത്തിലും തെക്കേടം നരസിംഹമൂർത്തിയെയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും വെള്ളിഗരുഡ വാഹനത്തിലും എഴുന്നള്ളിക്കും. വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിന്‍റെ ഉള്ളിലേക്ക് കടക്കുന്ന എഴുന്നള്ളത്ത് ശംഖുമുഖം ദേവീക്ഷേത്രത്തിന് സമീപത്തെ പാർക്കിലൂടെയാണ് പുറത്തേക്കിറങ്ങുന്നത്. ആറാട്ട് ഘോഷയാത്ര കാണാനും അനുഗമിക്കാനും ആയിരക്കണക്കിന് ഭക്തരാണ് എത്തുക. ആറാട്ടുമായി ബന്ധപ്പെട്ട് ഭക്തർക്കും യാത്രക്കാർക്കും യാതൊരു ബുദ്ധിമുട്ടുമുണ്ടാകാതെയാണ് എയർപോർട്ട് പ്രവർത്തിപ്പിക്കുകയെന്ന് അധികൃതർ അറിയിച്ചു. 1932ൽ അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ചിത്തിര തിരുനാളിന്‍റെ നേതൃത്വത്തിലാണ് തിരുവനന്തപുരം വിമാനത്താവളം ശംഖുമുഖത്തിന് സമീപത്തായി രൂപം കൊണ്ടത്. അതിനുമുൻപ് തന്നെ ശ്രീപത്മനാഭന്റെ ആറാട്ട് എഴുന്നള്ളത്തിനായി നിശ്ചിത യാത്രാമാർഗമുണ്ടായിരുന്നു. ആ പാതയുണ്ടായിരുന്നയിടത്താണ് പിന്നീട് വിമാനത്താവളത്തിന്‍റെ റൺവേ തയാറാക്കിയത്. ശ്രീപത്മനാഭന്‍റെ ആറാട്ടിന് ഈ പാത തന്നെ ഉണ്ടായിരിക്കണമെന്ന് രാജാവ് ആവശ്യപ്പെട്ടിരുന്നു. അന്നത്തെ കേന്ദ്ര സർക്കാരുമായി ഇക്കാര്യത്തിൽ കരാർ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇതാണ് ഇന്നും പിന്തുടരുന്നത്.

DISTRICT NEWS, KERALA

കാഴ്ച കണ്ട് യാത്ര ചെയ്യാം; വയനാട് – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ്‌വേ പദ്ധതി യാഥാര്‍ഥ്യമാകുന്നു

വയനാട് – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ്‌വേ പദ്ധതി യാഥാര്‍ഥ്യമാകുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ (പിപിപി) പദ്ധതി നടപ്പാക്കാന്‍ കെഎസ്‌ഐഡിസിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. അടിവാരം മുതല്‍ ലക്കിടി വരെ 3.67 കി.മീ ദൂരത്തിലാണ് 100 കോടിയിലേറെ ചെലവിട്ട് റോപ്‌വേ പദ്ധതി നടപ്പാക്കുന്നത്. ലക്കിടിയെ അടിവാരവുമായി ബന്ധിപ്പിക്കുന്നതാണ് 3.675 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോപ്‌വേ പദ്ധതി. ദക്ഷിണേന്ത്യയിലെ ഏറ്റവും നീളമുള്ള റോപ്‌വേ ആയിരിക്കും ഇത്. ചുരത്തില്‍ ഏകദേശം 2 ഹെക്ടര്‍ വനഭൂമിക്കു മുകളിലൂടെയാണ് റോപ്‌വേ കടന്നുപോകേണ്ടത്. കാഴ്ചകള്‍ കണ്ട് ഒരു വശത്തേക്കുള്ള യാത്ര പൂര്‍ത്തിയാക്കാന്‍ 15 മിനിറ്റ് മതി. 3 കിലോമീറ്റര്‍ മാത്രം യാത്ര ചെയ്താല്‍ മതി. ഇപ്പോള്‍ അടിവാരം മുതല്‍ ലക്കിടിവരെ ചുരത്തിലൂടെ കുറഞ്ഞത് 40 മിനിറ്റ് യാത്ര വേണ്ടിവരും. ഒരേസമയം 6 പേര്‍ക്കു യാത്ര ചെയ്യാനാകുന്ന എസി കേബിള്‍ കാറുകളാണ് റോപ്‌വേയിൽ ഉണ്ടാകുക. മണിക്കൂറില്‍ 400 പേര്‍ക്കു യാത്ര ചെയ്യാനാകുമെന്നാണ് കണക്കുകൂട്ടല്‍. അടിവാരത്തിനും ലക്കിടിക്കും ഇടയില്‍ 40 ടവറുകള്‍ സ്ഥാപിക്കേണ്ടിവരും. ബത്തേരിയില്‍നിന്നു ലക്കിടി വരെയും കോഴിക്കോടുനിന്ന് അടിവാരം വരെയും പ്രത്യേക ബസ് സര്‍വീസുകളും ഏര്‍പ്പെടുത്തും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാങ്കേതിക അനുമതികളെല്ലാം പദ്ധതി നേടിക്കഴിഞ്ഞു. റോപ്‌വേ പദ്ധതിക്കൊപ്പം അടിവാരം-നൂറാംതോട്-ചിപ്പിലിത്തോട്-തളിപ്പുഴ റോഡ് കൂടി യാഥാര്‍ഥ്യമായാല്‍ ചുരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകും. അടിവാരം-ലക്കിടി ടെര്‍മിനലുകളോടു അനുബന്ധിച്ച് പാര്‍ക്ക്, സ്റ്റാര്‍ ഹോട്ടല്‍, കഫറ്റീരിയ, ആംഫി തിയറ്റര്‍, ഓഡിറ്റോറിയം തുടങ്ങിയവയും ആരംഭിക്കാന്‍ ഉദ്ദേശ്യമുണ്ട്.

DISTRICT NEWS, KERALA

തുറവൂർ– അരൂർ ഉയരപ്പാത നിർമാണം; കാലവർഷം എത്തും മുൻപ് നിർമ്മാണം പൂർ‍ത്തിയാക്കണമെന്നാവശ്യം

തുറവൂർ– അരൂർ ഉയരപ്പാത നിർമാണം മന്ദ​ഗതിയിൽ. തുറവൂർ മുതൽ അരൂർ വരെ നീളുന്ന 12.75 കിലോമീറ്റർ പാതയിൽ കാന നിർമാണം വെെകുന്നതാണ് നിർമ്മാണത്തെ മൊത്തത്തിൽ ബാധിക്കുന്നത്. കാലവർഷം എത്തും മുൻപ് പാതയുടെ നിർമ്മാണം പൂർത്തിയായില്ലെങ്കിൽ വൻ ഗതാഗത കുരുക്കിനും വെള്ളക്കെട്ടിനും സാധ്യതയുണ്ട്. കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ എന്നീ 4 പഞ്ചായത്ത് പരിധിയിലൂടെയാണ് ഉയരപ്പാത കടന്നു പോകുന്നത്. ഈ പ്രദേശത്ത് കാന നിർമാണം വെെകുന്നതാണ് വെള്ളക്കെട്ട് രൂപപ്പെടാനുള്ള കാരണം. കാനയുമായി ഇട തോടുകളിലേക്ക് ബന്ധിപ്പിക്കുന്നതിന് പഞ്ചായത്തുകൾ അനുമതി നൽകാത്തതാണ് ഇതിന് കാരണം. ഇതിൽ അരൂർ പഞ്ചായത്തിൽ മാത്രം 6.5 കിലോമീറ്റർ പാതയാണ് പോകുന്നത്. ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി കോൺക്രീറ്റ് ഗർ‍ഡറുകൾ കയറ്റുന്നതിനായി നാലുവരി പാതയുടെ ഇരുവശങ്ങളിലും ലോഞ്ചിങ് ഗാൻട്രി പാതയോരത്ത് സ്ഥാപിച്ചിരിക്കുന്നതിനാൽ പാതയോരത്തു നിന്നുള്ള മഴവെള്ളം ഒഴുകി പോകാൻ വഴിയില്ല. നിലവിൽ ഒരുമണിക്കൂർ തുടർച്ചയായി മഴ പെയ്താൽ അരൂർ മുതൽ ചന്തിരൂർ വരെയുള്ള പാതയിൽ വെള്ളക്കെട്ട് രൂപപ്പെടുന്ന അവസ്ഥയാണുള്ളത്. അരൂർ ബൈപാസ് കവല മുതൽ ചന്തിരൂർ വരെയുള്ള 6.5 കിലോമീറ്റർ ഭാഗത്ത് അടിയന്തരമായി കാന നിർമാണം പൂർത്തിയാക്കണമെന്നാണ് പ്രദേശവാസികളും ആവശ്യപ്പെടുന്നത്.

accused-arrested
DISTRICT NEWS

സിം എടുക്കാൻ വരുന്നവരുടെ ആധാർ കാർഡ് ഉപയോ​ഗിച്ച് വ്യാജ തിരിച്ചറിയൽ രേഖ നിർമ്മിക്കും; പ്രതികൾ പിടിയിൽ

കൊച്ചി: പെരുമ്പാവൂരിൽ വ്യാജ തിരിച്ചറിയൽ രേഖകൾ നിർമ്മിക്കുന്നവർ പൊലീസ് പിടിയിൽ. വ്യാജ തിരിച്ചറിയൽ രേഖ നിർമ്മിക്കുന്ന മൂന്ന് മൊബൈൽ കടകൾ പൊലീസ് കണ്ടെത്തി. സിം കാർഡ് എടുക്കാൻ വരുന്നവരുടെ ആധാർ കാർഡ് ഉപയോഗിച്ചാണ് പ്രതികൾ വ്യാജ തിരിച്ചറിയൽ രേഖ നിർമ്മിക്കുന്നത്. സംഭവത്തിൽ മൂന്ന് അതിഥി തൊഴിലാളികളെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.  

man-died
DISTRICT NEWS

കൃഷിയിടത്തിൽ നിന്ന് പെരുന്തേനീച്ചയുടെ കുത്തേറ്റു; ചികിത്സയിലിരിക്കെ ഗൃഹനാഥൻ മരിച്ചു

ഇടുക്കി: നെടുങ്കണ്ടത്ത് പെരുന്തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരിക്കെ ഗൃഹനാഥൻ മരിച്ചു. ആട്ടുപാറ സ്വദേശി സുബ്രഹ്മണി (69) ആണ് ഇന്ന് രാവിലെ നാലുമണിയോടെ മരിച്ചത്. ഈ മാസം ഒന്നിനായിരുന്നു സുബ്രഹ്മണിക്ക് പെരുന്തേനീച്ചകളുടെ കുത്തേറ്റത്. ഗുരുതരമായി കുത്തേറ്റ സുബ്രഹ്മണി ബോധരഹിതനായി നിലത്തുവീണു. ഇദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ച മറ്റ് നാലുപേർക്കും കുത്തേറ്റിരുന്നു. പ്രാഥമിക ചികിത്സയോടെ ഇവരുടെ നില പൂർവ്വസ്ഥിതിയിലായി. എന്നാൽ സുബ്രഹ്മണിയെ ആദ്യം നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തമിഴ്നാട്ടിലെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

kottayam-car-accident
DISTRICT NEWS

കോട്ടയം മറവൻതുരുത്തിൽ മദ്യലഹരിയില്‍ യുവാവ് പുഴയിലേക്ക് കാര്‍ ഓടിച്ചിറക്കി

കോട്ടയം: കോട്ടയം തലയോലപ്പറമ്പിന് സമീപം മദ്യലഹരിയില്‍ യുവാവ് പുഴയിലേക്ക് കാര്‍ ഓടിച്ചിറക്കി. മറവന്‍തുരുത്ത് ആറ്റുവേലക്കടവില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വടയാര്‍ മുട്ടുങ്കല്‍ സ്വദേശിയായ യുവാവാണ് മദ്യലഹരിയില്‍ കാര്‍ പുഴയിലേക്ക് ഓടിച്ചിറക്കിയത്. കടവിലെ കടത്തുകാരന്‍ കാറിന്റെ ഡോര്‍ തുറന്ന് യുവാവിനെ രക്ഷിച്ചതിനാല്‍ ആളപായമുണ്ടായില്ല. സംഭവം അറിഞ്ഞ് പ്രദേശവാസികള്‍ ഇവിടേയ്ക്ക് എത്തി. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയില്‍ എടുത്തു.

train-accident
DISTRICT NEWS

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ച നിലയില്‍; ജീവനൊടുക്കിയതെന്ന് സംശയം

ആലപ്പുഴ: രണ്ട് പേര്‍ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍. സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ആലപ്പുഴ റെയില്‍വെ സ്റ്റേഷന് സമീപം പുലര്‍ച്ചെ 3:00 മണിയോടെയാണ് സംഭവം. അരൂക്കുറ്റി സ്വദേശി സലിംകുമാറിനെ തിരിച്ചറിഞ്ഞു. സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. ട്രാക്കിന് സമീപത്തുനിന്ന് ഇവര്‍ എത്തിയ ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. മാവേലി എക്‌സ്പ്രസിലാണ് തട്ടിയത്. മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

car-accident
DISTRICT NEWS

നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ച് കയറി; കടയുടമയ്ക്ക് അടക്കം പരിക്ക്

പത്തനംതിട്ട : പത്തനംതിട്ട കോന്നി വകയാറിൽ നിയന്ത്രണം വിട്ട കാർ തട്ടുകടയിൽ ഇടിച്ച് കയറി അപകടം. തട്ടുകടയിലുണ്ടായിരുന്ന കടയുടമ ശൈലജയ്ക്ക് അപകടത്തിൽ പരിക്കേറ്റു. കാറിൽ ഉണ്ടായിരുന്നവർക്കും നിസാര പരിക്കേറ്റു. കുളത്തൂപ്പുഴ സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

man-arrested
DISTRICT NEWS

കൊല്ലത്ത് വൻ ലഹരി വേട്ട; 90 ഗ്രാം ക്രിസ്റ്റൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

കൊല്ലം: നഗരത്തിൽ വൻ ലഹരി വേട്ട. 90 ഗ്രാം ക്രിസ്റ്റൽ എംഡിഎംഎയുമായി യുവാവ് പിടിയിലായി. ഉമയനല്ലൂർ പാറക്കുളം സ്വദേശി ഷിജുവാണ് പിടിയിലായത്. ഡൽഹിയിൽ നിന്ന് വിമാനമാർഗം കേരളത്തിലെത്തിച്ച എംഡിഎംഎയാണ് പിടികൂടിയത്. ഈ വർഷം ജില്ലയിൽ നിന്ന് പിടികൂടുന്ന ഏറ്റവും കൂടുതൽ അളവാണ് ഇതെന്ന് സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ റിപ്പോർട്ടറിനോട് പറഞ്ഞു.

Scroll to Top