Monday, January 5, 2026 - 3:06 AM

KERALA

KERALA

സവര്‍ക്കര്‍ രാജ്യദ്രോഹിയല്ലെന്ന് ഗവര്‍ണര്‍; രാജേന്ദ്ര അർലേക്കറും എസ്എഫ്ഐക്ക് എതിരെ

ആരിഫ് മുഹമ്മദ്‌ഖാന് പിന്നാലെ ഗവര്‍ണര്‍ രാജേന്ദ്ര അർലേക്കറും എസ്എഫ്ഐക്ക് എതിരെ തിരിയുന്നു. ‘സവർക്കറെയല്ല, ചാൻസലറെയാണ് വേണ്ടത്’ എന്ന എസ്എഫ്ഐ ബാനറാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്. കാലിക്കറ്റ് സര്‍വകലാശാലയില്‍ എത്തിയപ്പോഴാണ് എസ്എഫ്ഐ ബോര്‍ഡ് ഗവര്‍ണര്‍ കണ്ടത്. വൈസ് ചാൻസിലറോടാണ് ഗവര്‍ണര്‍ അതൃപ്തി രേഖപ്പെടുത്തിയത്. എന്തു ചിന്തയാണ് ഇതിനു പിന്നിലെന്ന് അറിയില്ല.സമൂഹത്തെ കുറിച്ചാണ് സവർക്കർ എപ്പോഴും ചിന്തിച്ചിരുന്നത്.അദ്ദേഹം കുടുംബത്തെപ്പോലും മറന്നു രാജ്യത്തിനായി പ്രവർത്തിച്ച വ്യക്തിയാണ്. ശരിയായി പഠിച്ചാല്‍ കാര്യങ്ങള്‍ മനസിലാകും. ഗവര്‍ണര്‍ പറഞ്ഞു. സര്‍വകലാശാലയില്‍ എത്തിയപ്പോള്‍ തന്നെ ഗവര്‍ണറുടെ ശ്രദ്ധ ആകര്‍ഷിച്ചത് ഈ ബോര്‍ഡാണ്. സവര്‍ക്കര്‍ പരാമര്‍ശം ഗവര്‍ണറെ ചൊടിപ്പിച്ചു. ഇത്തരം ബാനറുകൾ സര്‍വകലാശാലയില്‍ സ്ഥാപിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം വിസിയോടു നിർദേശിച്ചു.

vizhinjam-port
KERALA

സ്വകാര്യ ഭൂമി ഏറ്റെടുക്കില്ല; വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിന് ഭൂമി കണ്ടെത്തുക കടൽ നികത്തി

തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിനായി ഭൂമി കണ്ടെത്തുന്നതു കടല്‍ നികത്തിയായിരിക്കുമെന്നു തുറമുഖ കമ്പനി അറിയിച്ചു. സ്വകാര്യ ഭൂമി ഏറ്റെടുക്കില്ല. വികസനത്തിന്റെ ഭാഗമായി കണ്ടെയ്നര്‍ ടെര്‍മിനല്‍ 1,200 മീറ്റര്‍ കൂടി ദീര്‍ഘിപ്പിച്ച് ആകെ 2000 മീറ്റര്‍ ആക്കും. ഇതിന്റെ ഭാഗമായി, 30 ലക്ഷം ടിഇയു വരെ വാര്‍ഷിക ശേഷിയുള്ള കണ്ടെയ്നര്‍ യാര്‍ഡ് നിര്‍മിക്കാൻ ആവശ്യമായ 77.17 ഹെക്ടര്‍ ഭൂമിയാണ് ഡ്രെജിങ്ങിലൂടെ കടല്‍ നികത്തി കണ്ടത്തുക. ആദ്യഘട്ടത്തില്‍ തുറമുഖ നിര്‍മാണത്തിനായി 63 ഹെക്ടര്‍ ഭൂമി കടല്‍ നികത്തി വികസിപ്പിച്ചിരുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്കു പാരിസ്ഥിതിക അനുമതി ലഭിച്ചതായി മന്ത്രി വി.എന്‍.വാസവന്‍ അറിയിച്ചിരുന്നു. രണ്ടും മൂന്നും ഘട്ട വികസനത്തിന്റെ ഭാഗമായി കണ്ടെയ്‌നര്‍ ടെര്‍മിനല്‍ 1,200 മീറ്റര്‍ നീളത്തിലേക്ക് വിപുലീകരിക്കും. ബ്രേക്ക് വാട്ടറിന്റെ നീളം 900 മീറ്റര്‍ കൂടി വര്‍ധിപ്പിക്കും. 2028ല്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ സ്ഥാപിത ശേഷിയുള്ള കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ആയി വിഴിഞ്ഞം രാജ്യാന്തര തുറമുഖം മാറുമെന്നും മന്ത്രി പറഞ്ഞു. തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിനായി 10,000 കോടി രൂപയുടെ ചെലവാണു പ്രതീക്ഷിക്കുന്നത്.

syria
KERALA

അസദ് അനുകൂലികളും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ, 1000 പേർ കൊല്ലപ്പെട്ടു

ദമാസ്കസ്: മെഡിറ്ററേനിയൻ തീരത്തോട് ചേർന്നുള്ള മേഖലകളിൽ അസദ് അനുകൂലികളും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. രണ്ടുദിവസമായി തുടരുന്ന കനത്ത ഏറ്റുമുട്ടൽ ഇപ്പോഴും തുടരുക ആണ്. സംഘർഷത്തിനിടെ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് വിവരം. ബാഷർ അൽ അസദിന് സ്വാധീനമുള്ള തീരമേഖലകളിലാണ് കലാപം രൂക്ഷമായിരിക്കുന്നത്. അസദിനെ പുറത്താക്കിയതിനു ശേഷം സിറിയയുടെ വിവിധ ഭാ​ഗങ്ങളിൽ സംഘർ‌ഷങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നിരപരാധികളായ പൗരന്മാരെ ആക്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽഷാറ മുന്നറിയിപ്പ് നൽകി. അക്രമം അവസാനിപ്പിച്ച് ആയുധങ്ങൾ താഴെ വയ്‌ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സംഘർഷം രൂക്ഷമായ മേഖലകളിലെല്ലാം കർഫ്യു തുടരുകയാണ്. കലാപം പൊട്ടിപ്പുറപ്പെട്ട ലറ്റക്കിയയിലും ടാർട്ടസിലും കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ലറ്റക്കിയ ന​ഗരമേഖലകളിൽ വൈദ്യുതിയും കുടിവെള്ള വിതരണവും അപ്പാടെ നിലച്ചിരിക്കുകയാണ്. ബ്രിട്ടൺ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ കണക്കുകൾ പ്രകാരം 745 സാധാരണക്കാർ കൊല്ലപ്പെട്ടതിനു പുറമേ, 125 സുരക്ഷാ ഉദ്യോ​ഗസ്ഥരും അസദ് അനുകൂല സായുധ ​ഗ്രൂപ്പുകളിലെ 148 അം​ഗങ്ങളും കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. അസദിനെ പുറത്താക്കിയതിന്റെ വിരോധമാണ് സായുധ ​ഗ്രൂപ്പുകൾ കലാപത്തിലൂടെ പ്രകടമാക്കുന്നത്. സിറിയയിൽ വിമതർ അധികാരം പിടിച്ചെടുത്ത് മൂന്ന് മാസത്തിന് ശേഷവും സംഘർഷത്തിന് അയവുവന്നിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് ആഭ്യന്തര കലാപം വീണ്ടും രൂക്ഷമായത്.

Mumbai
KERALA

താനൂരിൽ നിന്നും കാണാതായ പ്ലസ് ടു വിദ്യാർഥിനികളെ കണ്ടെത്തി

മലപ്പുറം താനൂരിൽ നിന്നും കാണാതായ രണ്ട് പ്ലസ് ടു വിദ്യാർഥിനികളെയും മുംബൈയിൽ നിന്ന് കണ്ടെത്തി. മുംബൈ – ചെന്നൈ എക്സ്പ്രസ് ട്രെയിൻ യാത്രയ്ക്കിടെ ലോണാവാല സ്റ്റേഷനിൽ നിന്നാണ് ആർപിഎഫ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികളെ പൂനെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റും. താനൂർ പൊലീസ് ഇന്ന് 8.30ന് മുംബൈയിൽ എത്തുമെന്നും കുട്ടികളുമായി നാട്ടിലേക്ക് തിരിക്കുമെന്നും അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്കു ശേഷമാണ് താനൂർ ദേവതാർ ഹയർ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളായ ഫാത്തിമ ഷഹദ (16) അശ്വതി (16) എന്നിവരെ കാണാതായത്. പരീക്ഷയ്‌ക്കെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയതെങ്കിലും ഇരുവരും സ്‌കൂളിലെത്തിയിരുന്നില്ല. ഇരുവരും ഇന്നലെ പരീക്ഷ എഴുതിയിട്ടില്ലെന്നും സ്കൂൾ അധികൃതർ അറിയിച്ചു. ഇന്നലെ ഉച്ചക്ക് 12 മണിക്ക് ശേഷം ഇവർ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. വിദ്യാർഥിനികളുടെ ഫോണിലേക്ക് ഒരേ ഫോൺ നമ്പറിൽ നിന്ന് കോൾ വന്നിരുന്നതായി പൊലീസ് കണ്ടെത്തി. മഞ്ചേരി സ്വദേശിയുടെ പേരിലുള്ള സിം കാർഡിൽ നിന്നുമാണ് വിദ്യാർഥിനികൾക്ക് അവസാനമായി ഫോൺകോൾ വന്നത്. എന്നാൽ ഈ സിമ്മിൻ്റെ ടവർ ലൊക്കേഷൻ കാണിക്കുന്നത് മഹാരാഷ്ട്രയിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഇത് മഞ്ചേരി സ്വദേശിയായ റഹീം അസ്ലമിന്റെ നമ്പറാണെന്ന് പൊലീസ് കണ്ടെത്തി. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്.

afan
KERALA

വെഞ്ഞാറമൂട് കൂട്ടകൊലക്കേസ്, പ്രതി അഫാനെ പൂജപ്പുര സെൻട്രല്‍ ജയിലിലെ പ്രത്യേക നിരീക്ഷണ ബ്ലോക്കിലേക്ക് മാറ്റി, 24 മണിക്കൂറും നിരീക്ഷണം

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലക്കേസിലെ പ്രതി അഫാനെ പൂജപ്പുര സെൻട്രല്‍ ജയിലിലെ പ്രത്യേക നിരീക്ഷണ ബ്ലോക്കിലേക്ക് മാറ്റി. അഫാനൊപ്പം മറ്റൊരു തടവുകാരനുമുണ്ട്. അഫാനെ നിരീക്ഷിക്കാൻ 24 മണിക്കൂറും ജയില്‍ ഉദ്യോഗസ്ഥരുമുണ്ട്. താനും ജീവനൊടുക്കുമെന്ന് ജയിലെത്തിയ ശേഷം അഫാൻ ജയില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് പ്രത്യേക നിരീക്ഷണം. കടബാധ്യതയെ തുടർന്നാണ് കൂട്ടക്കൊല നടത്തിയതെന്നാണ് ജയില്‍ ഉദ്യോഗസ്ഥരോടും അഫാൻ പറഞ്ഞത്. ഇന്നലെയാണ് മെഡിക്കല്‍ കോളേജില്‍ നിന്നും അഫാനെ ജയിലേക്ക് മാറ്റിയത്. അഫാനെ കസ്റ്റഡയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ വെള്ളിയാഴ്ച വെഞ്ഞാറമൂട് പൊലീസ് കോടതിയില്‍ നല്‍കും. ഇന്ന് അപേക്ഷ നല്‍കാനായിരുന്നു തീരുമാനമെങ്കിലും അഫാൻെറ ആരോഗ്യ-മാനസിക നില നോക്കിയ ശേഷം നല്‍കാമെന്ന് തീരുമാനിക്കുകയായിരുന്നു.

Scroll to Top