തുറവൂർ– അരൂർ ഉയരപ്പാത നിർമാണം മന്ദഗതിയിൽ. തുറവൂർ മുതൽ അരൂർ വരെ നീളുന്ന 12.75 കിലോമീറ്റർ പാതയിൽ കാന നിർമാണം വെെകുന്നതാണ് നിർമ്മാണത്തെ മൊത്തത്തിൽ ബാധിക്കുന്നത്. കാലവർഷം എത്തും മുൻപ് പാതയുടെ നിർമ്മാണം പൂർത്തിയായില്ലെങ്കിൽ വൻ ഗതാഗത കുരുക്കിനും വെള്ളക്കെട്ടിനും സാധ്യതയുണ്ട്.
കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ എന്നീ 4 പഞ്ചായത്ത് പരിധിയിലൂടെയാണ് ഉയരപ്പാത കടന്നു പോകുന്നത്. ഈ പ്രദേശത്ത് കാന നിർമാണം വെെകുന്നതാണ് വെള്ളക്കെട്ട് രൂപപ്പെടാനുള്ള കാരണം. കാനയുമായി ഇട തോടുകളിലേക്ക് ബന്ധിപ്പിക്കുന്നതിന് പഞ്ചായത്തുകൾ അനുമതി നൽകാത്തതാണ് ഇതിന് കാരണം. ഇതിൽ അരൂർ പഞ്ചായത്തിൽ മാത്രം 6.5 കിലോമീറ്റർ പാതയാണ് പോകുന്നത്. ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി കോൺക്രീറ്റ് ഗർഡറുകൾ കയറ്റുന്നതിനായി നാലുവരി പാതയുടെ ഇരുവശങ്ങളിലും ലോഞ്ചിങ് ഗാൻട്രി പാതയോരത്ത് സ്ഥാപിച്ചിരിക്കുന്നതിനാൽ പാതയോരത്തു നിന്നുള്ള മഴവെള്ളം ഒഴുകി പോകാൻ വഴിയില്ല.
നിലവിൽ ഒരുമണിക്കൂർ തുടർച്ചയായി മഴ പെയ്താൽ അരൂർ മുതൽ ചന്തിരൂർ വരെയുള്ള പാതയിൽ വെള്ളക്കെട്ട് രൂപപ്പെടുന്ന അവസ്ഥയാണുള്ളത്. അരൂർ ബൈപാസ് കവല മുതൽ ചന്തിരൂർ വരെയുള്ള 6.5 കിലോമീറ്റർ ഭാഗത്ത് അടിയന്തരമായി കാന നിർമാണം പൂർത്തിയാക്കണമെന്നാണ് പ്രദേശവാസികളും ആവശ്യപ്പെടുന്നത്.