അടുക്കളയിൽ ഫ്രിഡ്ജ് ഇല്ലാത്ത ഒരു അവസ്ഥയെക്കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഒരു പക്ഷേ നമ്മളിൽ പലർക്കും ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണതല്ലേ…! ബാക്കി വന്ന ഭക്ഷണങ്ങൾ തുടങ്ങി പാചകം ചെയ്യാൻ പോകുന്ന ഭക്ഷണ സാധനങ്ങൾ വരെ നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ ഫ്രിഡ്ജിൽ ഭക്ഷണം സൂക്ഷിക്കുന്നതിനുമുണ്ട് ചില രീതികൾ. അല്ലെങ്കിൽ അത് വിഷാംശമുള്ളതായി മാറാൻ അധികം സമയമൊന്നും വേണ്ട.
അതുകൊണ്ടാണ് ഫ്രിഡ്ജിനുള്ളിൽ ഓരോന്നും സൂക്ഷിക്കാൻ വെവ്വേറെ തട്ടുകൾ നിർമ്മിച്ചിരിക്കുന്നത്. ഈ ഇടങ്ങൾ കൃത്യമായ രീതിയിൽ ഉപയോഗിക്കേണ്ടതുമുണ്ട്. ഓരോ തട്ടിലും ഒരേ വിധത്തിലുള്ള താപനിലയായിരിക്കില്ല ഉണ്ടായിരിക്കുന്നത്. അതിനാൽ തന്നെ മുട്ട സൂക്ഷിക്കേണ്ടിടത്ത് അത്, ഏറ്റവും താഴയുള്ള ബോക്സിൽ പച്ചക്കറികൾ എന്നിവ സൂക്ഷിക്കാം.
അതിൽ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഭക്ഷണങ്ങൾ അടച്ചു സൂക്ഷിക്കുക എന്നത്.
പലപ്പോഴും ഫ്രിഡ്ജിനുള്ളിൽ ഭക്ഷണ സാധനങ്ങൾ തുറന്നു വയ്ക്കുന്ന പതിവുണ്ട്. എന്നാൽ,വേവിച്ച് കഴിഞ്ഞ ഭക്ഷണ സാധനങ്ങൾ തുറന്നുവച്ചാൽ എളുപ്പത്തിൽ കേടുവരും. അതിനാൽ തന്നെ വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കുന്നതാണ് എപ്പോഴും നല്ലത്. അല്ലെങ്കിൽ ഇതിൽ ബാക്റ്റീരിയകൾ പെരുകുകയും അതുമൂലം മറ്റ് ഭക്ഷണ സാധനങ്ങളും കേടുവരാൻ കാരണമാകുന്നു.
പച്ചക്കറികൾ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കാം
കടയിൽ നിന്നും വാങ്ങിയ പച്ചക്കറികൾ അതുപോലെ ഫ്രിഡ്ജിലേക്ക് വയ്ക്കാതെ കഴുകിയതിന് ശേഷം മാത്രം ഫ്രിഡ്ജിലേക്ക് വയ്ക്കണമെന്ന് പറയാറുണ്ട്. എന്നാൽ, എല്ലാ പച്ചക്കറികൾക്കും ഒരേ രീതിയിലുള്ള പരിപാലനമല്ല ആവശ്യം. ചിലത് കഴുകാം, എന്നാൽ മറ്റുചിലത് കഴുകാൻ പാടില്ല. ഈർപ്പം കൂടുതലുള്ള പച്ചക്കറികളോ പഴവർഗ്ഗങ്ങളോ കഴുകി സൂക്ഷിച്ചാൽ ഫ്രിഡ്ജിനുള്ളിലെ ജലാംശത്തിന്റെ അളവ് വർധിക്കുകയും അതുകാരണം ബാക്റ്റീരിയകളുണ്ടാവാനും സാധ്യതയുണ്ട്.