ബഹ്‌റൈന്റെ സ്വന്തമായി വികസിപ്പിച്ച ഉപഗ്രഹമായ അൽ മുൻതർ നിശ്ചിത ഭ്രമണപഥത്തിലെത്തി സിഗ്നലുകൾ അയയ്ക്കാൻ തുടങ്ങിയതായി ബഹ്‌റൈൻ ബഹിരാകാശ ഏജൻസി (ബിഎസ്‌എ). ഗ്രൗണ്ട് സ്റ്റേഷൻ വഴി ഉപഗ്രഹത്തിൽ നിന്ന് സിഗ്നലുകൾ ലഭിച്ചുവെന്നും ഇങ്ങനെ ലഭിച്ച ഡേറ്റകൾ ഉപഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ സ്ഥിരതയുള്ളതാണെന്നും നിർദ്ദിഷ്ട സാങ്കേതിക ശ്രേണികൾക്കുള്ളിൽ പ്രവർത്തിക്കുന്നുണ്ടെന്നും ബിഎസ്‌എ അറിയിച്ചു.
2025 മാർച്ച് 15 ന് യുഎസിലെ വാൻഡൻബർഗ് വ്യോമസേനാ താവളത്തിൽ നിന്ന് സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിലാണ് ഉപഗ്രഹ വിക്ഷേപണം നടന്നത്. ഉപഗ്രഹത്തിൽ നിന്നും ലഭിച്ച സിഗ്നലുകൾ ബഹിരാകാശ മേഖലയിൽ ബഹ്‌റൈനിന്റെ കഴിവുകൾ വികസിപ്പിക്കുന്നതിലെ ശ്രദ്ധേയമായ പുരോഗതിയെ ഇത് പ്രതിഫലിപ്പിക്കുന്നതായി ബിഎസ്‌എ ചീഫ് എക്സിക്യൂട്ടീവ് ഡോ. മുഹമ്മദ് അൽ അസീരി പറഞ്ഞു. ഉപഗ്രഹം ഭ്രമണപഥത്തിലെത്തിയ ഉടൻ തന്നെ സിസ്റ്റം സജീവമാക്കൽ ആരംഭിച്ചതായി അൽ മുൻതർ പ്രോജക്ട് മാനേജർ ആയിഷ അൽ ഹറായും വ്യക്തമാക്കി.
ഇതിനു പുറമേ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പേലോഡ് ഉൾപ്പെടെയുള്ള നാല് സാങ്കേതിക പേലോഡുകൾ പരീക്ഷിക്കുന്നതിലേക്കുള്ള തയാറെടുപ്പ് നടക്കുന്നതായും ഇപ്പോൾ എന്നും ആശയവിനിമയം, നിയന്ത്രണ സംവിധാനം, ദിശ കണ്ടെത്തൽ തുടങ്ങിയ കോർ സിസ്റ്റങ്ങളുടെ പരീക്ഷണ ഘട്ടത്തിലാണ് രാജ്യമെന്നും ബഹ്‌റൈൻ ബഹിരാകാശ ഏജൻസിയിലെ വിഗദ്ധ സംഘം വ്യക്തമാക്കി.