ഐഎസ്‌എൽ ഫുട്‌ബോളിലേക്ക് ഇക്കുറിയും ഗോകുലം കേരളം ഇല്ല. കാത്തിരിപ്പ് ഇനിയും നീളും. തുടർച്ചയായ മൂന്നാംതവണയാണ് ഗോകുലം പരാജയമടയുന്നത്. കഴിഞ്ഞ രണ്ട് സീസണിലും മൂന്നാംസ്ഥാനത്തായിരുന്നപ്പോള്‍ ഇത്തവണ നാലാംസ്ഥാനത്താണ്. 22 കളിയിൽ 11 ജയവും നാല് സമനിലയും ഏഴ് തോൽവിയും ഉൾപ്പെടെ 37 പോയിന്റ്.
മോശം പ്രകടനമാണ് ഗോകുലത്തിന് തിരിച്ചടിയായത്. ജയിക്കാവുന്ന കളികളിൽപ്പോലും തോൽവിയോ സമനിലയോ വഴങ്ങി. ഏഴ് വിദേശ താരങ്ങളെയും മികച്ച ആഭ്യന്തര, പ്രാദേശിക കളിക്കാരെയും ടീമിലെത്തിച്ചായിരുന്നു ഒരുക്കം. സ്‌പാനിഷുകാരായ ഇഗ്‌നേഷിയോ അബെലെദോ, ർജിയോ ലമാസ്, മാർട്ടിൻ ഷാവേസ് (ഉറുഗ്വേ), വാണ്ടർ ലൂയിസ് (ബ്രസീൽ) ബിസോ ബ്രൗൺ (ലെസോത്തോ), അദമ നിയാനെ (മാലി), സ്റ്റിനിസ സ്റ്റാനിസാവിച്ച് (മൊണ്ടെനെഗ്രോ), എന്നിവരായിരുന്നു വിദേശികൾ.
വി പി സുഹൈർ, മൈക്കേൽ സൂസൈരാജ്, എമിൽ ബെന്നി തുടങ്ങിയ ഇന്ത്യൻ താരങ്ങളും അണിചേർന്നു. സ്‌പാനിഷ് കോച്ച് അന്റോണിയോ റുയേഡയും എത്തി. എന്നാൽ ടീം പ്രതീക്ഷയ്‌ക്കൊത്തുയരാത്തതോടെ കോച്ചിനെ പുറത്താക്കി.
പിന്നീട് സഹപരിശീലകനും മലയാളിയുമായി ടി.എ.രഞ്ജിത്തിന് കീഴിലാണ് ഗോകുലം ഇറങ്ങിയത്. ആറിലും ജയിച്ചു. രണ്ട് തോൽവിയുമുണ്ട്. എന്നാല്‍ ചാമ്പ്യൻപട്ടം വഴുതിപ്പോവുകയുംചെയ്‌തു. ഒന്നാമതെത്താൻ കൊതിച്ച ടീം നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.