സംസ്ഥാനത്ത് ജല വിനിയോഗത്തിന് നിയന്ത്രണം വരുന്നു. കര്‍ഷകര്‍ക്ക് ആശങ്കയും വര്‍ധിച്ചു. കേരളത്തിലെ മൂന്ന് ബ്ലോക്കുകളിൽ ഭൂജല ഉപയോഗ നിയന്ത്രണത്തിന് ഫ്ലോമീറ്റർ സ്ഥാപിക്കാൻ തീരുമാനം വന്നിട്ടുണ്ട്. ചിറ്റൂർ, മലമ്പുഴ, കാസർകോട് ബ്ലോക്കുകളാണ് ഗുരുതര വിഭാഗത്തിലുള്ളത്.
2020 ജൂണിലാണ് ഭൂജല അതോറിറ്റിയുടെ ഇതുസംബന്ധിച്ചുള്ള ഉത്തരവ് വന്നത്. എന്നാല്‍ അന്ന് ഉത്തരവിറക്കിയെങ്കിലും കർഷകരുടെ എതിർപ്പിനെത്തുടർന്ന് തുടർനടപടി മരവിപ്പിച്ചിരുന്നു. എന്നാൽ ഈ ഉത്തരവ് കർശനമായി നടപ്പാക്കാനാണ് കഴിഞ്ഞദിവസം ചേർന്ന ഭൂജല അതോറിറ്റി ഉന്നതതല യോഗത്തിൽ തീരുമാനമായത്.
ഭൂഗർഭജലത്തിന്റെ ലഭ്യത കണക്കാക്കി ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള മൂന്ന് ബ്ലോക്കുകളിലാണ് നിയന്ത്രണം വരുന്നത്. ഉത്തരവ് നടപ്പായാൽ ഒരേക്കർ സ്ഥലത്ത് ഒരുദിവസം ഉപയോഗിക്കാവുന്ന വെള്ളത്തിന്റെ പരമാവധി അളവ് 5,000 ലിറ്ററായിരിക്കും. തെങ്ങ്, പച്ചക്കറി തുടങ്ങിയ കൃഷികൾ വ്യാപകമായ മേഖലകളിൽ ഇത് പ്രതിസന്ധിയുണ്ടാക്കുമെന്ന ആശങ്കയിലാണ് കർഷകർ.
പുതിയ കുഴൽക്കിണറുകളിലെ മോട്ടോറുകളുടെ ശേഷി, വെള്ളത്തിന്റെ അളവ് എന്നിവയ്ക്കുള്ള പെർമിറ്റ് നിയന്ത്രണവും ഇതോടൊപ്പം നടപ്പാക്കാനാണ് തീരുമാനം. കുഴൽക്കിണറിൽ മൂന്ന് എച്ച്പി മോട്ടോർ ഉപയോഗിക്കാനുള്ള അനുമതി മാത്രമേ ഭൂജല അതോറിറ്റി ജില്ലാ ഓഫീസർക്ക് നൽകാനാവൂ. അഞ്ച് എച്ച്പി മോട്ടോർ ഉപയോഗിക്കാനുള്ള അനുമതിക്കായി കർഷകർ കളക്ടർ ചെയർമാനായ ജില്ലാതല അവലോകന സമിതിയെയും ഇതിനുമുകളിൽ സംസ്ഥാന ഭൂജല അതോറിറ്റിയെയും സമീപിക്കേണ്ടി വരും.