ഇന്ത്യന്‍ ഓഹരി വിപണി ഒരു സാമ്പത്തിക വര്‍ഷംകൂടി പിന്നിട്ടു. 2024 സാമ്പത്തിക വര്‍ഷത്തെ 39 ശതമാനത്തില്‍ നിന്ന് നേട്ടം 5.35 ശതമാനത്തില്‍ ഒതുങ്ങി. കോര്‍പറേറ്റ് ലാഭത്തിലുണ്ടായ ഇടിവാണ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ താഴോട്ടുള്ള പോക്കിന് ആക്കം കൂട്ടിയത്.
2025 സാമ്പത്തിക വര്‍ഷം മങ്ങിയ നിലയിലാണ് അവസാനിച്ചത്. പ്രധാന വെല്ലുവിളികളെ അഭിമുഖീകരിച്ചു കഴിഞ്ഞതിനാല്‍ 2026 സാമ്പത്തിക വര്‍ഷം കൂടുതല്‍ മെച്ചമായിരിക്കുമെന്നാണ് കണക്കാക്കുന്നത്.
സര്‍ക്കാര്‍ ചെലവഴിക്കല്‍ കൂടുകയും വിലക്കയറ്റം നിയന്ത്രണ വിധേയമാവുകയും പലിശ നിരക്കുകള്‍ കുറയുകയും ചെയ്യുന്നതോടെ ആഭ്യന്തര സാമ്പത്തിക രംഗം മെച്ചപ്പെടാനാണ് സാധ്യത. നഗര-ഗ്രാമ വിപണികളില്‍ ഡിമാന്റ് മെച്ചപ്പെടുന്നതായി പ്രതിമാസ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇറക്കുമതിയേക്കാള്‍ ആഭ്യന്തര ഉത്പന്നങ്ങളെ കൂടുതല്‍ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് ഭയപ്പെടാനില്ല. വര്‍ധിക്കുന്ന ആഭ്യന്തര ഡിമാന്റും കുറയുന്ന വിലക്കയറ്റവും കാരണം 2026-27 സാമ്പത്തിക വര്‍ഷം കോര്‍പറേറ്റ് ലാഭം ദീര്‍ഘകാല ശരാശരിയായ 15 ശതമാനത്തിലെത്തുമെന്നു കരുതുന്നു. 2025 സാമ്പത്തിക വര്‍ഷത്തെ ലാഭ വളര്‍ച്ച ഏഴ് ശതമാനമെന്നാണ് കണക്കാക്കിയിട്ടുള്ളത്.
വെല്ലുവിളികളെ ഫലപ്രദമായി നേരിട്ട ഇന്ത്യന്‍ വിപണിയില്‍ 20 ശതമാനം തിരുത്തലുണ്ടായിട്ടുണ്ട്. 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഓഹരി വിപണി മെച്ചപ്പെട്ട പ്രകടനം നടത്താനിടയുള്ളതിനാല്‍ 2025 സാമ്പത്തിക വര്‍ഷം രണ്ടാം പകുതിയില്‍ ഇന്ത്യയുടെ വാല്യുവേഷന് കൂടുമെന്നാണ് കണക്കാക്കുന്നത്. അടുത്തയാഴ്ച മുതല്‍ പുറത്തു വരുന്ന 2025 സാമ്പത്തിക വര്‍ഷം നാലാം പാദ ഫലങ്ങള്‍ 2026 സാമ്പത്തിക വര്‍ഷത്തെ വിപണിയുടെ പ്രകടനത്തിന്റെ സൂചന നല്‍കും