തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷനിലെ ഐബി ഓഫീസറായ മേഘമധുവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം. ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് യുവതിയെ കണ്ടത്. ഐബിക്കും പോലീസിനും ബന്ധുക്കൾ പരാതി നൽകി. മധുസൂദനന്‍-നിഷ ദമ്പതികളുടെ ഏക മകളാണ്.
ഐബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശിയുമായി പെൺകുട്ടിക്ക് അടുപ്പം ഉണ്ടായിരുന്നു. മേഘ തന്നെ വീട്ടുകാരോട് ഈ കാര്യം പറഞ്ഞിരുന്നു. വിവാഹത്തില്‍ എത്തുമെന്നായപ്പോള്‍ ഇയാള്‍ പിന്‍മാറി. ഇതാണ് മരണത്തിന് പിന്നില്‍ എന്നാണ് ബന്ധുക്കള്‍ പറയുന്നത്.
പത്തനംതിട്ട കൂടലിലാണ് മേഘയുടെ വീട്. ചാക്കയിലെ റെയിൽവേ ട്രാക്കിൽ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഒരുവർഷം മുൻപാണ് എമിഗ്രേഷൻ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചത്.