ന്യൂയോർക്ക് നഗരത്തിലെ തിരഞ്ഞെടുപ്പുകളിൽ പൗരന്മാരല്ലാത്തവർക്ക് ഇനി വോട്ട് ചെയ്യാന്‍ കഴിയില്ല. വോട്ട് ചെയ്യാൻ അനുമതി നൽകുന്ന വിവാദ നിയമം ന്യൂയോർക്ക് അപ്പീൽ കോടതി റദ്ദാക്കി. 2021ൽ സിറ്റി കൗൺസിൽ പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമാണെന്നാണ് കോടതി വിധിച്ചത്. റിപ്പബ്ലിക്കൻമാരുടെ എതിർപ്പ് മറികടന്നാണ് കൗൺസിൽ നിയമം പാസാക്കിയത്. വിധിയോടെ ന്യൂയോർക്കിലെ ഏകദേശം 800,000 ഗ്രീൻ കാർഡ് ഉടമകളുടെ വോട്ടവകാശത്തിനുള്ള പ്രതീക്ഷകളാണ് ഇല്ലാതായത്.
മേയർ എറിക് ആഡംസിന്റെ ഗതാഗത കമ്മിഷണര്‍ യാഡനിസ് റോഡ്രിഗസ് അവതരിപ്പിച്ച ബില്ലാണ് കോടതി റദ്ദാക്കിയത്. നികുതി അടയ്ക്കുകയും സമൂഹത്തിന് സംഭാവന നൽകുകയും ചെയ്യുന്നതിനാൽ പൗരന്മാരല്ലാത്തവർക്ക് വോട്ട് ചെയ്യാമെന്ന് വാദം കോടതി അംഗീകരിച്ചില്ല.
നിലവിലെ സിറ്റി കൺട്രോളർ സ്ഥാനാർഥികളായ ജസ്റ്റിൻ ബ്രാനൻ, മാർക്ക് ലെവിൻ എന്നിവരും ബില്ലിനെ പിന്തുണച്ചിരുന്നു. എന്നാൽ, മേയർ ബില്ലിൽ ഒപ്പുവെച്ചില്ല. വീറ്റോ ചെയ്യാതിരുന്നതിനാൽ ഇത് നിയമമായി മാറുകയായിരുന്നു.