നാടകമെഴുത്തില്‍ അരപതിറ്റാണ്ട് തികച്ച് മണിലാല്‍. അഭിഭാഷകനായ മണിലാല്‍ ഇതിനകം എഴുതിയത് 150-ലധികം പ്രൊഫഷണല്‍ നാടകങ്ങള്‍. മിക്കതും ഹിറ്റും സൂപ്പര്‍ഹിറ്റും. ഇപ്പോഴും നാടകസപര്യ തുടരുന്നു.
എഴുത്തിന്റെ ഈ അന്‍പതാംവര്‍ഷത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും അംഗീകരിക്കപ്പെട്ടതുമായ ഇരുപത്തഞ്ച് നാടകങ്ങള്‍ പുസ്തകമായി പുറത്തിറക്കുകയാണ് അദ്ദേഹം.
അമച്വര്‍ നാടകങ്ങളില്‍ പയറ്റിത്തെളിഞ്ഞശേഷം 1983-ലാണ് പ്രൊഫഷണല്‍ നാടകരംഗത്ത് എത്തുന്നത്. ‘പടയൊരുക്കം’ എന്ന നാടകത്തിലൂടെ തുടക്കം. അടുത്തവര്‍ഷം നാല് നാടകമാണ് എഴുതിയത്. സംസ്ഥാന അവാര്‍ഡുകളും അക്കാദമി അവാര്‍ഡുകളും ഏറ്റുവാങ്ങിയതിനപ്പുറം കേരളത്തിലങ്ങോളമിങ്ങോളമുള്ള നാടകപ്രേമികള്‍ നെഞ്ചേറ്റിയ നാടകങ്ങളായിരുന്നു എല്ലാം. ‘ഉദയഗീതം’, ‘പമ്പാമേള’, ‘കൊടിമരം’ തുടങ്ങി ‘കനല്‍ക്കാറ്റ്’ വരെയായി നാടകങ്ങള്‍ 150 കടന്നു.
നടന്‍ തിലകന്‍ സിനിമയില്‍നിന്നു പിണങ്ങി നാടകത്തിലേക്ക് തിരിച്ചുപോകുന്നെന്നു പ്രഖ്യാപിച്ചപ്പോള്‍ തിരഞ്ഞെടുത്തത് മണിലാലിന്റെ രചനയായിരുന്നു. ‘ഇതോ ദൈവത്തിന്റെ സ്വന്തം നാട്’ എന്ന നാടകം അദ്ദേഹംതന്നെ സംവിധാനം ചെയ്തു. ‘ആദിശങ്കരന്‍ ജനിച്ച നാട്ടില്‍’ എന്ന നാടകവും തിലകനാണ് സംവിധാനം ചെയ്തത്.
ഉഷാ ഉദയന് ഏറെ പ്രശസ്തി നേടിക്കൊടുത്ത നാടകമായിരുന്നു ‘അങ്കം ജയിക്കാന്‍ ഒരമ്മ’. രാജീവ് ഗാന്ധി വധത്തില്‍ അദ്ദേഹത്തോടൊപ്പം മരിച്ച സുരക്ഷാഭടന്മാരും അവരുടെ കുടുംബവുമായിരുന്നു വിഷയം. മണിലാലിന്റെ എല്ലാ നാടകങ്ങളും ഇങ്ങനെ സാമൂഹികമായ വിഷയങ്ങളെയും രാഷ്ട്രീയത്തെയും വിശകലനം ചെയ്യുന്നവയാണ്.