കേരളത്തിലെ ഏറ്റവും പ്രശസ്‌തമായ ക്ഷേത്രങ്ങളിലൊന്നാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം. ഏറ്റുമാനൂരപ്പനെ തൊഴുന്നത് ഭക്തരെ സംബന്ധിച്ച് ആഹ്ളാദകരമാണ്. ഖരമഹർഷി ഒരേ സമയത്ത് പ്രതിഷ്‌ഠിച്ച മൂന്ന് ശിവലിംഗങ്ങളിൽ ഒന്നാണ് ഇവിടുത്തേതെന്നാണ് വിശ്വാസം.
പ്രസിദ്ധമായ കെടാവിളക്കുള്ള ക്ഷേത്രമാണിത്. വലിയ വിളക്കിൽ എണ്ണ ഒഴിച്ച് നൊന്തുവിളിച്ചാൽ ഏറ്റുമാനൂരപ്പൻ അനുഗ്രഹിക്കും. വലിയ വിളക്കിന്റെ മൂടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഷികൊണ്ട് കണ്ണെഴുതുന്നത് നേത്രരോഗ ശമനത്തിന് ഫലപ്രദമാണെന്ന് വിശ്വാസമുണ്ട്.
കൊല്ലവർഷം 720ലാണ് ഈ വലിയ വിളക്ക് ക്ഷേത്രത്തിൽ സ്ഥാപിച്ചത്. ഇതിന് പിന്നിൽ ഒരു ഐതീഹ്യമുണ്ട്. ഒരു മൂശാരി വലിയ തൂക്കുവിളക്കുമായി ക്ഷേത്രത്തിലെത്തി ഭാരവാഹികളെ കണ്ട് വിളക്ക് അമ്പലത്തിലെക്ക് എടുത്ത് വല്ലതും തരണമെന്ന് പറഞ്ഞു. വിളക്ക് വാങ്ങിയാലും വെള്ളമൊഴിച്ച് കത്തിക്കാൻ പറ്റുമോ. എണ്ണ വേണ്ടെ’ എന്ന് അവിടുണ്ടായിരുന്ന ഒരാൾ ചോദിച്ചു.
ഏറ്റുമാനൂരപ്പൻ വിചാരിച്ചാൽ എണ്ണയും വെള്ളവുമില്ലാതെ ഇത് കത്തിയേക്കും എന്ന് എന്ന് വിളക്ക് കൊണ്ടു വന്നയാള്‍ പറഞ്ഞു.ഈ സമയം ക്ഷേത്രത്തിൽ തുള്ളിക്കൊണ്ടുവന്ന വെളിച്ചപ്പാട് വിളക്ക് വാങ്ങി ബലിക്കൽപ്പുരയിൽ കൊണ്ടുപോയി വച്ചു. ആ സമയം ഭയങ്കരമായ ഇടിയും മിന്നലുമുണ്ടായി. എല്ലാവരും ഭയന്ന് നാലമ്പലത്തിനുള്ളിൽ അഭയം തേടി. പിന്നീട് നോക്കിയപ്പോൾ വിളക്ക് നിറയെ എണ്ണയും അഞ്ച് തിരികളുമായി പ്രകാശിക്കുന്നു. പിന്നെ മൂശാരിയെയും വെളിച്ചപ്പാടിനെയും ആരും കണ്ടില്ല. ഇന്നും ആ വിളക്ക് കെടാവിളക്കായി പ്രകാശം പരത്തുന്നു.