വേനൽക്കാലത്ത് ദാഹം ശമിപ്പിക്കാൻ നമ്മൾ ഏറ്റവും അധികം ആശ്രയിക്കുന്ന ജ്യൂസുകളിൽ ഒന്നാണ് തണ്ണിമത്തൻ. ദാഹം ശമിപ്പിക്കുന്നതിനപ്പുറം ശരീരത്തിന്റെ ജലാംശം നിലനിർത്താനും തണ്ണിമത്തൻ സഹായിക്കും. ഇത്തരത്തിൽ ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് നമ്മുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കും. എന്നാൽ, തണ്ണിമത്തന്റെ കുരുവിനുമുണ്ട് ചില ഗുണങ്ങൾ. മഗ്നീഷ്യം, അയേണ്‍, സിങ്ക്, പൊട്ടാസ്യം തുടങ്ങി നിരവധി പോഷകങ്ങൾ തണ്ണിമത്തൻ കുരുവിൽ അടങ്ങിയിട്ടുണ്ട്.
തണ്ണിമത്തൻ കുരുവിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ തണ്ണിമത്തൻ വിത്തുകൾ സഹായിക്കും മാത്രമല്ല, കലോറിയും കുറവാണ്.
ഇതിനു പുറമേ, മഗ്നീഷ്യം, സിങ്ക്, ഇരുമ്പ്, നിരവധി ബി വിറ്റാമിനുകൾ എന്നിവയുൾപ്പെടെയുള്ള അവശ്യ പോഷകങ്ങൾ തണ്ണിമത്തൻ വിത്തുകളിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പുകളായ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ ഉറവിടമാണ്. ഈ ആരോഗ്യകരമായ കൊഴുപ്പുകൾ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും. ഇതുവഴി ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും.
തണ്ണിമത്തൻ വിത്തുകളിലെ ഉയർന്ന അളവിലുള്ള നാരുകൾ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളും ഈ വിത്തുകളിലുണ്ട്. മഗ്നീഷ്യം, ചെമ്പ്, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഇവ ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാന്‍ സഹായിക്കും.
വിറ്റാമിനുകളായ എ, സി തുടങ്ങിയവ അടങ്ങിയിരിക്കുന്നതില്‍ തണ്ണിമത്തന്‍ കുരു ചർമ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. തണ്ണിമത്തൻ വിത്തുകളിൽ ധാരാളമായി കാണപ്പെടുന്ന പ്രോട്ടീൻ, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക്, ചെമ്പ് എന്നിവ നിങ്ങളുടെ തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.