ലോക സന്തോഷ സൂചികയിൽ മുന്നേറ്റവുമായി ബഹ്റെെൻ. 147 രാജ്യങ്ങളടങ്ങുന്ന സന്തോഷ സൂചിക പട്ടികയിൽ മുൻ വർഷം 62ാം സ്ഥാനത്തായിരുന്ന ബഹ്‌റൈൻ ഇക്കുറി 59ാം സ്ഥാനത്താണുള്ളത്. 10ൽ 6.03 എന്ന ശരാശരി ജീവിത മൂല്യ നിർണയത്തോടെയാണ് ബഹ്‌റൈന്റെ ഈ നേട്ടം. ലോക സന്തോഷദിനത്തിൽ ഓക്സ്ഫഡ് സർവകലാശാലയുടെ വെൽബീയിങ് റിസേർച്ച് സെന്ററാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
മുൻപ് 2022ലെ സന്തോഷ സൂചികയിൽ ലോക റാങ്കിങ്ങിൽ 21-ാം സ്ഥാനത്തും അറബ് മേഖലയിലും ജി.സി.സി രാജ്യങ്ങളിലും ഒന്നാം സ്ഥാനത്തുമായിരുന്നു ബഹ്‌റൈൻ. പിന്നീട് 2023ലും 24ലും ഹാപ്പിനസ് ഇൻഡക്‌സ് റിപ്പോർട്ടിൽ ബഹ്റെെൻ വളരെ പിന്നിലാവുകയായിരുന്നു.
ലോക സന്തോഷ സൂചികയിൽ 21ാം സ്ഥാനത്തുള്ള യു.എ.ഇയാണ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ മുൻപിൽ. 30-ാം സ്ഥാനവുമായി കുവൈത്തും 32ാം സ്ഥാനവുമായി സൗദി അറേബ്യയും പിന്നിലുണ്ട്. ഫിൻലൻഡ് ആണ് ലോക സന്തോഷ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ഡെൻമാർക്ക്, ഐസ്ലൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങൾ രണ്ടും മൂന്നും നാലും സ്ഥാനത്തുണ്ട്.